THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഒരു ദിവസം മുഴുവൻ തൊഴിലുറപ്പ് ജോലി ചെയ്താലും അവർ പെറ്റി അടയ്‌ക്കാൻ പറഞ്ഞ 500 രൂപ...

ഒരു ദിവസം മുഴുവൻ തൊഴിലുറപ്പ് ജോലി ചെയ്താലും അവർ പെറ്റി അടയ്‌ക്കാൻ പറഞ്ഞ 500 രൂപ എനിക്ക് കിട്ടില്ല: ഷിഹാബുദ്ദീൻ

കൊല്ലം ; കൊറോണ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടും പോലീസ് തനിക്ക് പെറ്റിയടിച്ച് നൽകിയത് പാവപ്പെട്ടവനായതിനാലാണെന്ന് ഇളമ്പഴന്നൂർ ഊന്നൻപാറ പോരൻകോട് മേലതിൽ വീട്ടിൽ എം.ഷിഹാബുദ്ദീൻ. ചടയമംഗലം ജങ്ഷനിലുള്ള ബാങ്കിനു മുന്നിൽ പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിക്കു കൊറോണ മാനദണ്ഡങ്ങളുടെ പേരിൽ പെറ്റി ചുമത്തിയതു ചോദ്യം ചെയ്തതിനാണ് 18 വയസ്സുള്ള ഗൗരിനന്ദയ്‌ക്ക് എതിരെ ചടയമംഗലം പോലീസ് കേസെടുത്തത്.

ആകെ ബാങ്കിലുള്ള 1500 രൂപ എടുക്കാൻ പോയ തനിക്കാണ് പോലീസ് 500 രൂപ പെറ്റി എഴുതി നൽകിയത്. അത് ചോദ്യം ചെയ്തതിനാണ് ഗൗരിനന്ദ എന്ന പെൺകുട്ടിയോട് പോലീസ് അപമര്യാദയായി പെരുമാറിയത്. തനിക്കു വേണ്ടി വാദിച്ച ഗൗരിനന്ദയ്‌ക്കു വേണ്ടി എവിടെ വന്നുവേണമെങ്കിലും സത്യംവിളിച്ചു പറയുമെന്നും ഷിഹാബുദ്ദീൻ പറയുന്നു.

‘ കാലിൽ ആണി രോഗമുള്ളതിനാൽ നന്നായി നടക്കാൻ പോലും കഴിയാത്ത ആളാണു ഞാൻ. തൊഴുത്തു പോലൊരു വീട്ടിലാണു ഞാനും ഉമ്മയും കഴിയുന്നത്. എങ്കിലും തൊഴിലുറപ്പിനു പോയി അന്തസ്സോടെയാണു കഴിയുന്നത്. ഞാൻ ഒരു ദിവസം മുഴുവൻ തൊഴിലുറപ്പ് ജോലി ചെയ്താലും അവർ പെറ്റി അടയ്‌ക്കാൻ പറഞ്ഞ 500 രൂപ എമിക്ക് കിട്ടില്ല. 85 വയസ്സ് കഴിഞ്ഞ ഉമ്മ വീട്ടിൽ ഉള്ളതു കൊണ്ട് തന്നെ കൊറോണ നിയന്ത്രണങ്ങൾ എല്ലാം പാലിക്കാറുണ്ട്. അഞ്ചടിയിലേറെ അകലം പാലിച്ചാണ് ബാങ്കിന്റെ ക്യൂവിൽ നിന്നതും. അടുത്തുള്ള ബസ് സ്റ്റാൻഡിൽ പോലും കൂട്ടം കൂടി ആളുകൾ നിന്നപ്പോഴാണ് പോലീസ് എനിക്ക് പെറ്റി എഴുതി തന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്റെ അടുത്തു വന്ന് പേരും അഡ്രസും ചോദിച്ചത്. പറഞ്ഞ് കൊടുത്തപ്പോൾ ഒരു കടലാസ് കൈയ്യിൽ തന്നു. എന്താണതെന്ന് ചോദിച്ചപ്പോൾ നീ വായിച്ചു നോക്കാൻ പറഞ്ഞു. കൂലിപ്പണിക്കാരനാണെന്നും എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞിട്ടും അതൊന്നും അവർ ശ്രദ്ധിച്ചില്ല.അടുത്ത് നിന്ന ആളെ കൊണ്ട് വായിച്ചപ്പോഴാണ് 500 രൂപ പെറ്റിയുണ്ടെന്നു പറഞ്ഞത്. സത്യത്തിൽ അത് കേട്ടപ്പോൾ വിഷമം വന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച എനിക്കു പെറ്റി തന്നത് എന്റെ വേഷം കണ്ടപ്പോൾ ഞാനൊരു പാവപ്പെട്ടവനാണെന്നു മനസിലായതുകൊണ്ടായിരിക്കുമല്ലൊ.

പണമില്ലാത്തതു കൊണ്ട് തന്നെ അടയ്‌ക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ഗൗരി നന്ദയും അമ്മയും വരുന്നത്. കാര്യം തിരക്കിയപ്പോൾ പെറ്റിയുടെ കാര്യങ്ങൾ പറഞ്ഞു. തർക്കിക്കേണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥർക്കു പരാതി കൊടുക്കാനും ആ കുട്ടി പറഞ്ഞു. അപ്പോഴാണ് പോലീസുകാർ അവളോടു മോശമായി പെരുമാറിയത്. തെറി പറഞ്ഞു. അവർ പറഞ്ഞ വാക്കുകൾ പറയാൻ എനിക്കു ബുദ്ധിമുട്ടുണ്ട്. അവൾക്ക് വേണ്ടി സംസാരിക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല. ഇതിനിടെ എന്നോട് മടങ്ങി പോകാൻ പോലീസുകാർ പറഞ്ഞു. പണമെടുക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ ഇനി അവിടെ നിന്നാൽ പിടിച്ച് അകത്തിടുമെന്ന് പറഞ്ഞു. ഞാൻ ബാങ്കിൽക്കയറി പണമെടുത്തു. ഗൗരിനന്ദയ്‌ക്കെതിരെ എടുത്ത് കേസുമായി ബന്ധപ്പെട്ട് എവിടെ വന്നു വേണമെങ്കിലും സത്യം പറയാൻ തയ്യാറാണെന്നും ‘ ഷിഹാബുദ്ദീന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments