കൊച്ചി: സ്വപ്നയുടെ കേസുകൾ അഭിഭാഷകൻ ജിയോ പോൾ ഒഴിഞ്ഞു. ഇന്ന് രാവിലെ കസ്റ്റംസ് കേസിൽ ഹാജരായ ശേഷമാണ് ഒഴിയുകയാണെന്ന് അറിയിച്ചത്. പ്രതി ഭാഗത്തിനുള്ള രേഖകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കൈമാറിയപ്പോൾ ജിയോ പോൾ സീകരിച്ചില്ല. ഇനി മുതൽ താനല്ല സ്വപ്നയുടെ അഭിഭാഷകനെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

പിന്നീട് പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്നയുടെ റിമാൻഡ് കാലാവധി നീട്ടുന്ന കേസ് പരിഗണിച്ചപ്പോൾ, താൻ വക്കാലത്ത് ഒഴിയുകയാണെന്ന് അഡ്വ.ജിയോ പോൾ കോടതിയെ അറിയിച്ചു. കേസിന്റെ രേഖകൾ സ്വപ്നയുടെ ഭർത്താവിന് കൈമാറുകയും ചെയ്തു.

സ്വർണ്ണക്കടത്ത് സംബന്ധിച്ച് അഭിഭാഷനോട് ആദ്യം വിശദീകരിച്ച കാര്യങ്ങളല്ല പിന്നീട് അന്വേഷണ സംഘങ്ങളോട് വ്യക്തമാക്കിയത്. ശിവശങ്കറിന് കേസിൽ പങ്കാളിത്തമില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റി. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നു എന്ന ശബ്ദ സന്ദേശം പുറത്തു വിടുന്നതും അഭിഭാഷകൻ അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ വച്ച് രഹസ്യമൊഴി കൊടുക്കാൻ തീരുമാനിച്ചത്. അഭിഭാഷകനോട് ആലോചിച്ചല്ല ഇക്കാര്യവും സ്വപ്ന തീരുമാനിച്ചത്.
ഇതിനിടെ, സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തിക്കൊണ്ട് സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. പ്രധാന പ്രതികളെ മാപ്പുസാക്ഷിയാക്കി കേസിൽ വഴിത്തിരിവ് സൃഷ്ടിക്കാനാണ് നീക്കം. കേസിൽ ഉൾപ്പെട്ട ഉന്നതർ അടക്കമുള്ളവരുടെ വിവരങ്ങൾ ഇന്ന് നൽകിയ രഹസ്യമൊഴിയിൽ സ്വപ്നയും സരിത്തും സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.