ന്യൂഡൽഹി : ബ്രിട്ടണിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. ബ്രിട്ടണിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി. വിലക്ക് ഡിസംബർ 31 വരെ നീളും. ഇന്ന് അർദ്ധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. വ്യോമയാന മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രിലയം യോഗം ചേർന്നിരുന്നു. പുതിയ വൈറസ് ബാധയിൽ ആളുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ അതീവ ജാഗ്രതയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർദ്ധൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് വ്യോമയാന മന്ത്രയാലയം ബ്രിട്ടണിൽ നിന്നുള്ള സർവീസുകൾ വിലക്കിയത്.

22 ന് മുൻപ് ബ്രിട്ടണിൽ നിന്നും എത്തുന്ന ആളുകൾ നിർബന്ധമായും ആർടി-പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. പരിശോധനയിൽ പോസിറ്റീവ് ആയവർ അതാത് സംസ്ഥാനങ്ങളിലുള്ള ക്വാറന്റൈൻ സെന്ററുകളിലേക്ക് പോകണമെന്നും നെഗറ്റീവ് ആയവർ ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ ഇരിക്കണമെന്നും വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
നിരവധി യൂറോപ്പ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും ബ്രിട്ടണിൽ നിന്നുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള കൊറോണ വൈറസിനേക്കാൾ 70% കൂടുതൽ വേഗത്തിൽ പകരാൻ സാധ്യതയുള്ളതാണ് പുതിയ വൈറസ്.