ന്യൂഡൽഹി: അമേരിക്ക ഉപരോധത്തിൽ ഇളവു വരുത്തിയാലുടൻ ഇറാനിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാൻ ഇന്ത്യ ശ്രമിക്കുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ യു.എസ് പ്രസിഡൻറ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് 2019െൻറ മധ്യത്തോടെ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിർത്തിയിരുന്നു. ട്രംപ് റദ്ദാക്കിയ ഇറാൻ ആണവ കരാർ പുനരാരംഭിക്കുന്നത് യു.എസും മറ്റു ലോകശക്തികളും വിയനയിൽ കൂടിയാലോചിച്ചുവരുകയാണ്.
ഇന്ത്യൻ റിഫൈനർമാർ പ്രാരംഭ ജോലികൾ ആരംഭിച്ചതായും ഉപരോധം നീക്കിയാൽ വേഗത്തിൽതന്നെ കരാറുകളിൽ ഏർപ്പെടാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വാണിജ്യപരമായ നിബന്ധനകൾക്കായി ഇതിനകം രൂപരേഖ തയാറായിട്ടുണ്ടെന്നും എണ്ണ കയറ്റുമതിക്ക് ഇറാൻ അനുമതി നൽകുന്ന പക്ഷം കരാറുകളിൽ ഏർപ്പെടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയൻ എണ്ണ വിപണിയിൽ വരുന്നത് വിലയിൽ താഴ്ചയുണ്ടാക്കുക മാത്രമല്ല, ഇറക്കുമതിയിൽ വൈവിധ്യംകൊണ്ടുവരാനും ഇന്ത്യയെ സഹായിക്കും.