കൊച്ചി: ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. മാസ്ക് ധരിക്കാതെ പൊതു നിരത്തിലിറങ്ങിയ ജോജുവിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിൽ പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ ആണ് നടനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്.

ജോജുവിന്റെ വാഹനം തകർത്ത കേസ്: കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
കാറിൽനിന്നു പുറത്തിറങ്ങി കോൺഗ്രസ് പ്രവർത്തകരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടപ്പോൾ ജോജു മാസ്ക് ധരിച്ചിരുന്നില്ല. പൊലീസിന്റെ കൺമുന്നിലായിരുന്നു ജോജുവിന്റെ പരസ്യമായ നിയമലംഘനം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്ന വയോജനങ്ങളോടു പോലും മാസ്കിന്റെ പേരിൽ അതിക്രമം കാണിക്കുന്ന പൊലീസ്, സിനിമാ നടന് വേറൊരു നീതിയാണ് നടപ്പാക്കുന്നതെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ജോജുവിന്റെ വാഹനം തകർത്തതിനും റോഡ് ഉപരോധിച്ചതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനും കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസുകളിൽ ഷാജഹാനെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.