തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പുതിയ ഘട്ടമെന്നും വരുന്ന രണ്ടാഴ്ച്ച നിർണായകമാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതിൽ ആളുകളുടെ കൂടിച്ചേരൽ ഉണ്ടായി. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമെ മീറ്റിംഗുകളും മറ്റ് പരിപാടികളും നടത്താവൂവെന്ന് നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും വലിയ ആൾക്കൂട്ടങ്ങൾ പലയിടത്തും ഉണ്ടായി. അതിനാൽ കോവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നതായി മന്ത്രി പറഞ്ഞു.

ആവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു എന്നും ഇടയ്ക്കിടെ സാനിറ്റൈസർ കൊണ്ട് കൈ കഴുകണമെന്നും സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പു വരുത്തണമെന്നും ഇനിയുള്ള ദിവസങ്ങളിൽ കൂട്ടായ്മകൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലക്ഷണമുള്ളവർ ഉറപ്പായും പരിശോധിക്കണമെന്നും ക്രമാതീതമായി കേസുകൾ കൂടിയാൽ ആശുപത്രികൾ ബുദ്ധിമുട്ടിലാകുമെന്നും ചികിത്സാ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും സത്യപ്രതിജ്ഞയും അധികാരമേൽക്കലും മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും മന്ത്രി പറഞ്ഞു.
