തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയിൽ അന്തിമതീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. തെരഞ്ഞെടുപ്പ് നടത്തുന്നത് എഐസിസിയാണ്. സംഘടമാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം, പുനഃസംഘടന നിർത്തിവയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗ്രൂപ്പ് നേതാക്കളും. കെ സുധാകരൻ പൊതുവികാരം അംഗീകരിക്കണം എന്നാണവർ പറയുന്നത്. ഇല്ലെങ്കിൽ ഹൈക്കമാൻഡിനെ സമീപിക്കാനാണ് തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടന വേണ്ടെന്ന് കെപിസിസി യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ ശക്തമായ നിലപാടെടുത്തിരുന്നു. ഇത് സുധാകരനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള ശക്തമായ വാക്പോരിന് വഴി വച്ചു. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന ഒറ്റവാദത്തിലുറച്ചു നിന്നു യോഗത്തിൽ സുധാകരൻ. യൂണിറ്റ് കമ്മറ്റികൾ കെ എസ് ബ്രിഗേഡെന്ന് ബെന്നി ബെഹനാൻ ഗുരുതര ആരോപണമടക്കം ഉന്നയിച്ചപ്പോൾ പിണറായിയോട് സംസാരിക്കുന്ന രീതിയിൽ തന്നോട് സംസാരിക്കണ്ട എന്നായിരുന്നു സുധാകരൻ തിരിച്ചടിച്ചത്.

പുനഃസംഘടന അനിവാര്യമല്ലെന്ന് കെപിസിസി യോഗത്തിന്‍റെ ആദ്യദിനം ചിലർ അഭിപ്രായം പറഞ്ഞതായി സുധാകരൻ സമ്മതിക്കുന്നു. എന്നാൽ നിർവാഹകസമിതിയിൽ 14 ഡിസിസി പ്രസിഡന്‍റുമാരും പുനഃസംഘടന വേണമെന്ന് നിലപാടെടുത്തു. അതിന്‍റെ അടിസ്ഥാനത്തിൽ പുനഃസംഘടനയുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. ഹൈക്കമാൻഡ് പുനഃസംഘടന നടത്താൻ നിർദേശിച്ചിട്ടുണ്ട്. അതുമായി മുന്നോട്ടുപോകും. ഒപ്പം അംഗത്വവിതരണവും നടത്തുമെന്നും സുധാകരൻ ഉറപ്പിച്ച് പറയുന്നു.