തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി ഇന്ന് പുലര്‍ച്ചെ മരിച്ചത്. അന്‍പത്തൊന്നുകാരിയായ ശാഖയെ രണ്ടുമാസം മുന്‍പാണ് 28കാരനായ അരുണ്‍ വിവാഹം ചെയ്തത്. ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിസരവാസികൾ മരണത്തിൽ സംശയം ഉന്നയിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
