കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ലീഗ് – സി പി എം .സംഘര്‍ഷത്തിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ലീഗ് വാര്‍ഡ് സെക്രട്ടറിക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫ് അബ്ദുൽ റഹ്മാൻ (27) ആണ് മരിച്ചത്. കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. മുണ്ടത്തോട്ടെ വാര്‍ഡ് ലീഗ് സെക്രട്ടറി ഇര്‍ഷാദിനെ (32) ഗുരുതമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പഴയ കടപ്പുറത്ത് നിന്നും ഔഫ് അബ്ദുൽ റഹ്മാന്റെ നേതൃത്വത്തില്‍ നാലുപേര്‍ കല്ലൂരാവിമുണ്ടത്തോട് എത്തിയതായും ഇര്‍ഷാദിനെ ആക്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നുവെന്നുമാണ് പുറത്ത് വരുന്ന വിവരം. കുത്തേറ്റ് വീണ് കിടക്കുകയായിരുന്നഔഫ് അബ്ദുൽ റഹ്മാനെ നാട്ടുകാരായ ചിലര്‍ ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴെക്കും മരണപ്പെടുകയായിരുന്നു. വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദിന്റെ നിലയും അതീവ ഗുരുതരമാണ്. തദ്ദേശ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് പ്രാഥമിക വിവരം. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.പി. വിനോദ്, എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
