കൊല്ലം: കിളികൊല്ലൂർ പോലീസ് മർദ്ദനക്കേസിൽ സൈന്യം ഇടപെടുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സൈന്യം റിപ്പോർട്ട് തേടി. കേസ് മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിക്കാൻ ആവശ്യപ്പെട്ടേക്കും. മിലിട്ടറി പോലീസും കേസ് അന്വേഷിക്കുമെന്നാണ് വിവരം.

സൈനികൻ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും പോലീസിന് വീഴ്ച പറ്റി. ഇത്തരത്തിൽ സൈനികൻ അറസ്റ്റിലായാൽ ഉടനെ സമീപത്തെ റെജിമെന്റിൽ അറിയിക്കണമെന്ന നിയമമാണ് പോലീസ് പാലിക്കാതിരുന്നത്. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുബം. പോലീസ് കള്ളക്കേസിൽ കുടുക്കിയെന്നും ക്രൂരമായി മർദിച്ചുവെന്നും കാണിച്ച് വിഷ്ണുവിന്റെ അമ്മയാണ് പരാതി നൽകുന്നത്.

കേസിൽ ഇപ്പോഴും പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് ആരോപണം. ആറ് പോലീസുകാരുടെ പേര് പറഞ്ഞും കണ്ടാലറിയാവുന്ന മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയുമായിരുന്നു പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ നാല് പേർക്കെതിരെ മാത്രമാണ് നടപടിയുണ്ടായതെന്നാണ് ആക്ഷേപം. നാല് പേരെ സസ്പെൻഡ് ചെയ്തെങ്കിലും ബാക്കി അഞ്ച് പേരും ഇപ്പോൾ കിളികൊല്ലൂർ സ്റ്റേഷനിൽ ജോലി തുടരുകയാണ്.
കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനുമായിരുന്നു പോലീസിൽ നിന്നും ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. 15 ദിവസത്തിനകം അന്വേഷണം നടത്തി കൊല്ലം ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം.