തിരുവനന്തപുരം:കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ്. വെങ്ങാനൂർ സ്വദേശിയാണ് അഡൽട്ട്സ് ഒൺലി ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചത്. കരാറിൽ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാൽ അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താൻ അഭിനയിക്കാൻ തയ്യാറായത്. എന്നാൽ സത്യം മനസ്സിലായപ്പോൾ തന്നെ പിൻമാറാൻ ശ്രമിച്ചു. എന്നാൽ കരാർ കാണിച്ചു ഭീഷണിപ്പെടുത്തി. പിൻമാറിയാൽ കനത്ത നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് പറഞ്ഞത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നു.

ഇപ്പോൾ സിനിമയുടെ പോസ്റ്ററും ട്രെയ്ലറുമെല്ലാം റിലീസ് ചെയ്തിട്ടുണ്ട്. അടുത്ത് തന്നെ ഒടിടിയിലെത്തും. ഇത്രയും കാലം കൊണ്ട് ഞാൻ ഉണ്ടാക്കിയെടുത്ത പേര് അതോടെ നശിക്കും. അങ്ങനെ സംഭവിച്ചാൽ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴികളില്ല. മുഖ്യമന്ത്രിയ്ക്കാണ് ആദ്യം പരാതി നൽകിയത്. പിന്നീട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. നടപടിയെടുക്കാൻ വെങ്ങാനൂർ പോലീസിനോട് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും യുവാവ് പറഞ്ഞു.