തിരുവനന്തപുരം : സർക്കാരിനെതിരെ പോരാട്ട മനോഭാവവുമായി മുന്നോട്ട് പോകുന്ന കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രിമാർ. ഗവർണർ അതിരു വിടരുതെന്ന് റവന്യൂ മന്ത്രി കെ രാജൻ മുന്നറിയിപ്പ് നൽകി. എല്ലാവരും ഭരണഘടനക്ക് താഴെയാണെന്ന് മനസിലാക്കി പ്രവർത്തക്കണമെന്നും രാജൻ ആവശ്യപ്പെട്ടു. ഭരണഘടനയുടെ പേരിലാണ് ഗവർണറെ ആദരിക്കുന്നത്. ഗവർണർ പദവിയെ തരം താഴ്ത്താൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കരുത്. യൂണിവേഴ്സിറ്റികളിൽ നിയമസഭക്കും സർക്കാരിനും അവകാശമില്ലെന്ന് പറയുന്നത് എങ്ങനെയാണെന്ന ചോദ്യമുയർത്തിയ മന്ത്രി, നിയമസഭയാണ് സർവകലാശാല നിയമങ്ങൾ പാസാക്കിയതെന്നും ഓർമ്മിപ്പിച്ചു.

ഗവർണറും സർക്കാറും തമ്മിലുള്ള ആശയ വിനിമയം മധ്യമങ്ങളിലൂടെയല്ല നടത്തേണ്ടതെന്ന് വ്യവസായ മന്ത്രി പി രാജീവും പ്രതികരിച്ചു. ചാൻസിലർ എന്ന നിലയ്ക്ക് ഗവർണർ നടത്തിയ നടപടി സംബന്ധിച്ചുളള ചോദ്യങ്ങളോടാണ് രാജീവിന്റെ പ്രതികരണം. ചാൻസിലറുടെ നടപടി കോടതി പരിശോധിക്കുമല്ലോയെന്നാണ് പറഞ്ഞത്. അല്ലാതെ സർക്കാർ പരിശോധിക്കുമെന്നല്ലെന്നും ഗവർണർക്ക് താൻ പറഞ്ഞത് മനസിലകാതെ പോയതുകൊണ്ടാണെന്നും രാജീവ് പറഞ്ഞു.

നേരത്തെ മന്ത്രി രാജീവ് നടത്തിയ പ്രതികരണത്തിനെതിരെ ഗവർണർ രംഗത്തെത്തിയിരുന്നു. ഗവർണറുടെ തീരുമാനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി എങ്ങനെയാണ് പറയുകയെന്ന് ചോദിച്ച ഗവർണർ, ന്ത് അധികാരമാണ് മന്ത്രിക്കുള്ളതെന്നും ചോദിച്ചിരുന്നു. മന്ത്രിയുടെ പ്രവർത്തനം പരിശോധിക്കാനാണ് ഗവർണർ. താനാണ് മന്ത്രിമാരെ നിയമിച്ചത്. ഭരണഘടന തകർന്നാൽ ഗവർണർക്ക് ഇടപെടാനുള്ള അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.
അതേ സമയം, മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. അതൃപ്തി അറിയിക്കലെന്നാൽ മന്ത്രിയെ പിൻവലിക്കലല്ലെന്ന് കൊച്ചിയിൽ പൊതു പരിപാടിയിൽ ഗവർണർ പറഞ്ഞു. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഗവർണർ പറഞ്ഞു.