ന്യൂഡൽഹി• സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കുള്ള നിയന്ത്രണം നീക്കി. മറ്റന്നാള്‍ മുതല്‍ പൂര്‍ണതോതില്‍ സര്‍വീസ് നടത്താന്‍ ഡിജിസിഎ അനുമതി നല്കി. തുടര്‍ച്ചയായി തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നേരത്തെ കമ്പനിക്ക് നിയന്ത്രണം കൊണ്ടുവന്നത്.

കഴിഞ്ഞ ജൂലൈ 27ന് ഡിജിസിഎ ആദ്യ നിയന്ത്രണം ഏർപ്പെടുത്തുന്നത്. തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പാക്കിസ്ഥാനിലുൾപ്പെടെ വിമാനം ഇറക്കുന്ന സാഹചര്യങ്ങളുണ്ടായി. പിന്നീടും സ്പൈസ് ജെറ്റ് വിമാനങ്ങൾക്ക് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം വീണ്ടു നീട്ടുകയായിരുന്നു. വിമാനങ്ങളുടെ അറ്റകുറ്റപ്പണിയിലും സുരക്ഷാ മുൻകരുതലിന്റെ കാര്യത്തിലും വീഴ്ചയുണ്ടെന്നും കമ്പനിക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും ഡിജിസിഎയുടെ താൽക്കാലിക ഉത്തരവിൽ പറഞ്ഞു.

തുടർന്ന് ഡിജിസിഎയുടെ കർശന നിരീക്ഷണത്തിലാണ് സ്പൈസ്ജെറ്റ് വിമാനങ്ങൾ എട്ടാഴ്ച കാലത്തേക്ക് പകുതി സർവീസുകൾ നടത്തിയത്. ഇപ്പോൾ എല്ലാ നിയന്ത്രണങ്ങളും നീക്കി പൂർണതോതിൽ തന്നെ വിമാന സർവീസുകൾ നടത്താൻ ഡിജിസിഎ അനുമതി നൽകിയിരിക്കുകയാണ്.