മാഞ്ചെസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിനെതിരായ മത്സരം അവസാനിക്കുന്നതിന് മുൻപ് ഗ്രൗണ്ട് വിട്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മറുപടി നൽകി മാഞ്ചെസ്റ്റർ യുണൈറ്റഡ്. ചെൽസിയ്ക്കെതിരായ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡ് റൊണാൾഡോയെ കളിപ്പിക്കില്ല.

യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചെൽസിയ്ക്കെതിരേ 37 കാരനായ റൊണാൾഡോ കളിക്കില്ലെന്ന് ഉറപ്പായി. ടോട്ടനത്തിനെതിരായ മത്സരത്തിനിടെ 89-ാം മിനിറ്റിലാണ് റൊണാൾഡോ ദേഷ്യം പൂണ്ട് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന് സ്ഥാനം ലഭിച്ചത്. അഞ്ച് പകരക്കാരെ ഇറക്കാമായിരുന്നുവെങ്കിലും മൂന്ന് പേരെ മാത്രമാണ് എറിക് ടെൻ ഹാഗ് ഉപയോഗിച്ചത്. ഇതാണ് താരത്തെ ചൊടിപ്പിച്ചത്.

ന്യൂകാസിൽ യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി മാത്രം ഇറക്കിയതിൽ ക്രിസ്റ്റ്യാനോ നീരസം പ്രകടിപ്പിച്ചിരുന്നു. ഈ സീസണിൽ ആകെ രണ്ട് കളികളിൽ മാത്രമാണ് താരം തുടക്കം മുതൽ കളിച്ചത്. മുഴുവൻ കളിച്ചതാകട്ടെ വെറും ഒരു മത്സരത്തിലും.
ഇതാദ്യമായല്ല റൊണാൾഡോ മത്സരത്തിന് മുൻപായി ഇറങ്ങിപ്പോകുന്നത്. ‘ ക്രിസ്റ്റ്യാനോ റൊണാൾഡോ ചെൽസിയ്ക്കെതിരായ മത്സരത്തിനുള്ള മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീമിലില്ല. ടീമിലുൾപ്പെട്ട താരങ്ങൾ മത്സരത്തിനായുളള തയ്യാറെടുപ്പിലാണ്’- യുണൈറ്റഡ് മീഡിയ വിഭാഗം കുറിച്ചു.
അച്ചടക്കമില്ലാതെ മത്സരത്തിനിടെ പെരുമാറുന്ന റൊണാൾഡോയ്ക്കെതിരേ യുണൈറ്റഡ് കർശന നടപടി സ്വീകരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ജനുവരിയിൽ ആരംഭിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോയെ യുണൈറ്റഡ് കൈയൊഴിഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
റൊണാൾഡോയുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും താരം ടീമിലെ അവിഭാജ്യ ഘടകമാണെന്നാണ് പരിശീലകൻ എറിക് ടെൻ ഹാഗിന്റെ അഭിപ്രായം. സീസൺ ആരംഭിക്കുന്നതിന് മുൻപ് യുണൈറ്റഡ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനായി റൊണാൾഡോ പരമാവധി ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി താരം ടീമിന്റെ പ്രീ സീസൺ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ റൊണാൾഡോയെ സ്വന്തമാക്കാൻ ഒരു ക്ലബ്ബും വരാതായതോടെ താരം യുണൈറ്റഡിൽ തന്നെ തുടരുകയായിരുന്നു.