ന്യൂഡല്‍ഹി: ദേശീയ അദ്ധ്യക്ഷ സ്ഥാനം മല്ലികാര്‍ജുന്‍ ഖാര്‍ഖെ ഏറ്റെടുക്കുന്ന ഒക്ടോബര്‍ 26ന് തന്നെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം വിളിച്ച് കോണ്‍ഗ്രസ്. ഖാര്‍ഗെ അദ്ധ്യക്ഷനാവുന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും.

രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്ത് പ്രചരണത്തിനെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇത് വരെ വ്യക്തയായില്ല. സെപ്തംബര്‍ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി ദീപാവലി ഒഴിവില്‍ ഖാര്‍ഗെയുടെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുത്തേക്കും.

‘രാഹുല്‍ ഗാന്ധിയെ ഗുജറാത്തിലെത്തിക്കാന് ഞങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് ഒരു പദ്ധതിയും ഉണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ വളരെയേറെ സന്ദര്‍ശിക്കുന്ന ഒരു പദ്ധതിയാണ് ആലോചിക്കുന്നത്. പദയാത്രയല്ല’, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതി അംഗമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് വേണ്ടി സമിതി ആറോളം യോഗങ്ങള്‍ നടത്തികഴിഞ്ഞു.
ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മറുഭാഗത്ത് ആരംഭിച്ചിരുന്നു. 2017ലെ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനത്തിന്റെ കാരണക്കാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാന്‍ രണ്ട് ദിവസം ഗുജറാത്തിലുണ്ടായിരുന്നു. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമീണ മേഖലയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
സംസ്ഥാനത്തെ 182 നിയമസഭ സീറ്റുകളില്‍ നഗരമേഖലയിലെ 55 സീറ്റുകളിലാണ് കോണ്‍ഗ്രസിന് സ്വാധീനമില്ലാത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതില്‍ 44 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. അത് കൊണ്ടാണ് സംസ്ഥാനത്തെ ആംആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെ ബിജെപിയും കോണ്‍ഗ്രസും സൂക്ഷ്മമായി നോക്കുന്നത്.
‘ആപ്പിനെ കോണ്‍ഗ്രസുമായി കൂട്ടിക്കെട്ടിയാണ് എല്ലാവരും സംസാരിക്കുന്നത്. പക്ഷെ അവര്‍ നഗരമേഖലയിലെ ബിജെപിയെയാണ് ബാധിക്കുക.’, മുകളില്‍ പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ബിജെപിയുടെയും അവസ്ഥ സംസ്ഥാനത്ത് അത്ര നല്ലതല്ലെന്ന് അവകാശപ്പെടുന്നുണ്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് രഘുശര്‍മ്മ. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്ത മന്ത്രിയുടെയും തുടര്‍ച്ചയായ ഗുജറാത്ത് സന്ദര്‍ശനം അതാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.