അയോധ്യ: അയോധ്യയിലെ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്ന അയോധ്യയെ ലോകം ശ്രദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പുള്ള രാഷ്ട്രീയ സന്ദേശം കൂടിയായാണ് മോദിയുടെ അയോധ്യ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.

വൈകീട്ടോടെ അയോധ്യയിലെത്തിയ പ്രധാനമന്ത്രി താല്കാലികമായി ശ്രീരാമ വിഗ്രഹം സൂക്ഷിച്ച ക്ഷേത്രത്തില്‍ ദർശനവും പൂജയും നടത്തി. പ്രധാന ക്ഷേത്ര നിർമാണം നടക്കുന്ന ഇടത്തെത്തി പുരോഗതി വിലയിരുത്തി. സരയൂ നദിക്കരയില്‍ നടന്ന ദീപോത്സവത്തിലും മോദി പങ്കെടുത്തു. ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് ചടങ്ങില്‍ 18 ലക്ഷം ദീപങ്ങൾ തെളിയിച്ചു. 18,000 വളണ്ടിയർമാർ ചേർന്നാണ് ദീപം തെളിയിച്ചത്. ധ്രുതഗതിയില്‍ ക്ഷേത്ര നിർമാണം പുരോഗമിക്കുന്ന അയോധ്യയില്‍ അടുത്ത വർഷം ഡിസംബറോടെ തീർത്ഥാടകരെ പ്രവേശിപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഗവർണർ ആനന്ദിബെൻ പട്ടേലും മോദിക്കൊപ്പം ഉണ്ടായിരുന്നു. വെള്ളിയാഴ്ച കേദാർനാഥ്, ബദരിനാഥ് ക്ഷേത്രങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. നാളെ അതിർത്തിയില്‍ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
