ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാമുഹിക ഉത്തരവാദിത്ത ഫണ്ട്(സി.എസ്.ആർ) ചെലവഴിക്കുന്ന കമ്പനി റിലയൻസാണെന്ന് റിപ്പോർട്ട്. സി.എസ്.ആറുമായി ബന്ധപ്പെട്ട ബർഗണ്ടി പ്രൈവറ്റ് ഹുറൂൺ ഇന്ത്യ 500 ലിസ്റ്റിലാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇടംപിടിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി, ടാറ്റ സ്റ്റീൽ തുടങ്ങിയ കമ്പനികളാണ് സി.എസ്.ആറുമായി ബന്ധപ്പെട്ട ലിസ്റ്റിൽ റിലയൻസിന് പിന്നിൽ ഇടംപിടിച്ചത്.

ഇന്ത്യയിലെ കമ്പനികൾ 8,753 കോടി രൂപയാണ് സി.എസ്.ആർ ഫണ്ടായി ചെലവഴിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 4 ശതമാനം കുറവാണിത്. റിലയൻസ് ഇൻഡസ്ട്രീസ് 813 കോടി, എച്ച്.ഡി.എഫ്.സി ബാങ്ക് 736 കോടി, ടാറ്റ കൺസൾട്ടൻസി സർവീസ് 727 കോടി, ടാറ്റ സ്റ്റീൽ 406 കോടി, ഐ.ടി.സി 355 കോടി എന്നിങ്ങനെയാണ് കമ്പനികൾ ചെലവഴിച്ച സി.എസ്.ആർ ഫണ്ട്.

ആക്സിസ് ബാങ്ക്, ബുർഗാണ്ടി പ്രൈവറ്റ്, ഹാരുൺ ഇന്ത്യ എന്നിവർ സംയുക്തമായാണ് ലിസ്റ്റ് പുറത്തിറക്കിയത്. കോർപ്പറേറ്റ് കമ്പനികൾ സാമൂഹിക സേവനത്തിനായി ചെലവഴിക്കേണ്ട തുകയാണ് സി.എസ്.ആർ.