ഗുണ്ടൂർ: പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും യുവാവ് വീട്ടിൽക്കയറി ആക്രമിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ഫിരാങ്കിപുരം സ്വദേശിയായ പെരാം എഡുകൊണ്ടാലുവാണ് യുവതിയെയും ഇവരുടെ ബന്ധുക്കളായ 11 പേരെയും ആക്രമിച്ചത്.

ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ യുവതി അടക്കം മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗുണ്ടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒമ്പതുപേർ നരസാരോപേട്ടിലെ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.

യുവതി പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പ്രതി പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിച്ചിരുന്നു. ഇതിനിടെ, മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.