തിരുവനന്തപുരം : സംസ്ഥാനത്ത് ഓക്സിജൻ വിലവർദ്ധനവ് നിരോധിച്ചു. ഓക്സിജൻ പൂഴ്ത്തിവെയ്ക്കുകയോ കരിഞ്ചന്തയിൽ വിൽക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.
നിറച്ചതോ, ഒഴിഞ്ഞതോ ആയ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവെയ്ക്കാൻ അനുവദിക്കില്ല. ഉപയോഗിച്ച സിലിണ്ടറുകൾ ആയാലും ഉടൻ മടക്കി നൽകണം. അത് പൂഴ്ത്തിവെയ്ക്കാനോ കൃത്രിമ ക്ഷാമം ഉണ്ടാക്കാനോ സാധിക്കില്ല. നൈട്രജൻ, ഹീലിയം സിലിണ്ടറുകൾ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കു കൈമാറണമെന്നും ഇതിനെ മെഡിക്കൽ ഉപയോഗത്തിനായി പരിവർത്തനം ചെയ്യുമെന്നും നിർദ്ദേശത്തിൽ പറയുന്നു.
സിലിണ്ടറുകൾ സപ്ലൈ ചെയ്യുന്നവരും ഉപയോഗിക്കുന്ന സ്ഥാപനങ്ങളും ഓക്സിജൻ സ്റ്റോക്ക് സർക്കാരിനെ കൃത്യമായി അറിയിക്കണം. കളക്ടർമാർ നിയോഗിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ ഓക്സിജൻ സംഭരണ കേന്ദ്രങ്ങളിലും വിതരണ കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തും. മെഡിക്കൽ ഓക്സിജൻ നീക്കത്തിന് ഗ്രീൻ കോറിഡോർ സംവിധാനം ഒരുക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.