തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജ് തിരുവനന്തപുരം എ.ആർ ക്യാമ്പിൽ തുടരും. രാവിലെ 7ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് മകൻ ഷോൺ ജിറോജ് പറഞ്ഞു. മജിസ്ട്രേറ്റിൻ്റെ അസൗകര്യമാണ് തീരുമാനം മാറാൻ കാരണമെന്നും ഷോൺ. നേരത്തെ അസി.പബ്ലിക് പ്രോസിക്യൂട്ടറുമായി പൊലീസ് കൂടിയാലോചന നടത്തിയിരുന്നു.
രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. നാടകീയ രംഗങ്ങൾക്കൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് എ.സി.പി വഞ്ചിയൂരിലെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ എത്തുകയും, താൽക്കാലം പിസി ജോർജിനെ ഹാജരാകുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ വസതിയിൽ ഉണ്ടായിരുന്ന കോടതി ഉദ്യോഗസ്ഥർ മടങ്ങി. ചില നടപടികൾ കൂടി പൂർത്തിയാക്കാൻ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിസി ജോര്‍ജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. വഴിയിൽ ഉടനീളം ബിജെപി പ്രവർത്തകർ കാത്തുനിന്നു. ചിലയിടത്ത് വാഹത്തിന് നേരെ താലപ്പൊലിയും പുഷ്പവൃഷ്ടിയും നടന്നു. വിദ്വേഷ പ്രസംഗം നടത്തിയ ജോർജിനെതിരെ ഡി.വൈ.എഫ്.ഐയും പ്രതിഷേധിച്ചു.