പത്തനാപുരം : മലമുകളിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. പട്ടാഴി നെടിയപാറയുടെ മുകളിൽ പത്തനംതിട്ട കൊടുമൺ സ്വദേശികളായ ജെറിൻ (24), ജിബിൻ (24) എന്നിവരാണ് ഇന്നലെ ഉച്ചയോടെ കുടുങ്ങിയത്. വിവരം പുറത്തറിഞ്ഞതു വൈകിട്ടു 3.45നാണ്. പിന്നീട്, പൊലീസും അഗ്നിരക്ഷാസേന സംഘവും നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ താഴെയെത്തിച്ചത്.രാവിലെ 11നാണു ജെറിനും ജിബിനും നെടിയപാറയുടെ മുകളിൽ കയറിയത്. ഇവർ അവിടെ നിൽക്കുന്നതും മൊബൈലിൽ വിഡിയോ ചിത്രീകരിക്കുന്നതും നാട്ടുകാർ കണ്ടിരുന്നു.

വൈകിട്ട് 3.45 നു യുവാക്കളുടെ ഫോണിൽ നിന്ന് ഇവരുടെ പരിചയക്കാരനായ പാസ്റ്ററുടെ ഫോണിലേക്കു വിളിയെത്തി. തങ്ങൾ മലയുടെ മുകളിൽ കുടുങ്ങിയെന്നും രക്ഷിക്കണമെന്നുമായിരുന്നു സന്ദേശം. പാസ്റ്റർ കുന്നിക്കോട് പൊലീസിനെ വിവരം അറിയിച്ചതനുസരിച്ച് 4.07നു പൊലീസ് സ്ഥലത്തെത്തി യുവാക്കളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ വിജയിച്ചില്ല. 4.30 നു പത്തനാപുരത്തു നിന്ന് അഗ്നിരക്ഷാസേന സംഘം എത്തി ഏണി ഉപയോഗിച്ചു കയറി യുവാക്കൾ ഇരിക്കുന്നയിടത്തെത്തുകയും സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു.
