തൃക്കാക്കര: എൽ.ഡി.എഫ് സ്ഥാനാർഥിക്ക് സ്വീകാര്യത വർധിച്ചുവരുന്നെന്ന് കാണുമ്പോൾ യു.ഡി.എഫ് തൃക്കാക്കരയിൽ നെറികെട്ടതും നിലവാരമില്ലാത്തതുമായ പ്രചാരണത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരേ യു.ഡി.എഫ് അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എൽ.ഡി.എഫ് സ്ഥാനാർഥിയുടെ സ്വീകാര്യത തകർക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണം. ഒന്നും നടക്കില്ല എന്ന് തോന്നുമ്പോൾ കള്ളക്കഥ മെനയുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇതിലും ഇതിലപ്പുറവും യു.ഡി.എഫ് ചെയ്യും. അത്രമാത്രം പടുകുഴിയിലേക്ക് യു.ഡി.എഫ് എത്തിപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മുതലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിച്ചത്. ഇതിന് പിന്നിൽ യു.ഡി.എഫാണെന്നാരോപിച്ച് എൽ.ഡി.എഫ് നേതാക്കൾ രംഗത്തെത്തുകയും തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരമൊരു വീഡിയോയുമായി യു.ഡി.എഫിന് ഒരു ബന്ധവുമില്ലെന്ന് യു.ഡി.എഫ് നേതാക്കളും പ്രതികരിച്ചിരുന്നു.