പുതുച്ചേരി: പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു. എൻ. രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൊറോണ പ്രോട്ടോകോൾ പാലിച്ച് രാജ്ഭവനിലാണ് ചടങ്ങ് നടന്നത്. ലഫ്റ്റനന്റ് ഗവർണർ തമിഴിശൈ സൗന്ദരരാജനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റിലാണ് എൻഡിഎ സഖ്യം പുതുച്ചേരിയിൽ വിജയിച്ചത്. ഓൾ ഇന്ത്യ എൻആർ കോൺഗ്രസിന് 10 സീറ്റും ബിജെപിയ്ക്ക് 6 സീറ്റുമാണ് ലഭിച്ചത്. അതേസമയം കോൺഗ്രസ് നേതൃത്വം നൽകുന്ന സെക്കുലർ പ്രോഗ്രസീവ് സഖ്യത്തിന് എട്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. നാലാമത്തെ തവണയാണ് രംഗസ്വാമി മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്.
