തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിന് കൊറോണ സ്ഥിരീകരിച്ചു. ഭാര്യയ്ക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് നാട്ടിലെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ റഹീം അറിയിക്കുകയായിരുന്നു.
‘പ്രിയപ്പെട്ടവരേ, ഇന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണ്. മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു മടങ്ങി വന്നതായിരുന്നു. കുടുംബവും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. അമൃതയ്ക്കും ഗുൽമോഹറിനും പോസിറ്റീവ് ആണ്. ഗുൽനാറിന് നെഗറ്റീവും. കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളോട് അടുത്തിടപെട്ടവർ മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ഇന്ന് 45,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ അയ്യായിരത്തിന് മുകളിലാണ് രോഗികൾ. 70 മരണങ്ങളും കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.