കൊവിഡാനന്തരം ആളുകള്‍ ജോലിക്കും മറ്റും പോയിതുടങ്ങിയ സമയത്താണ് ദക്ഷിണ റെയില്‍വേ കോട്ടയം ജില്ലയിലെ പാതഇരട്ടിപ്പിക്കല്‍ തകൃതിയാക്കിയത്. ഇതോടെ ജോലിക്കും മറ്റും പോകുന്ന ട്രയിന്‍ യാത്രക്കാര്‍ ദുരിതത്തിലായി. ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ പാതയിരട്ടിപ്പിക്കുന്നതിന്റെ )ഭാഗമായി കോട്ടയം വഴിയുളള കൂടുതൽ ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്. യാത്രക്കാർ ഏറെയാശ്രയിക്കുന്ന പരശുറാമും ജനശതാബ്ദിയും താത്ക്കാലികമായി റദ്ദാകുന്നതോടെ, മലബാറിലാണ് യാത്രാദുരിതം രൂക്ഷമാകുന്നത്. ബദൽസംവിധാനം ഉടൻ ഏർപ്പെടുത്തുമെന്നാണ് റെയിൽവെയുടെ വിശദീകരണം.
കോട്ടയത്ത് പാതയിരട്ടിപ്പിക്കലും അറ്റകുറ്റപ്പണിയും നടക്കുന്നതിനാൽ ഇനിയുളള 8 ദിവസം മംഗലൂരുവിനും നാഗർകോവിലിനും ഇടയിലെ 51 സ്റ്റേഷനുകളിലെ യാത്രക്കാർ പെരുവഴിയിലാകും. ഈ മാസം 29 വരെയാണ് ട്രെയിനുകളുടെ സർവ്വീസ് നിയന്ത്രണം.
മംഗളൂരു-നാഗർകോവിൽ പരശുറാം ഇന്നലെ മുതൽ 28 വരെയും നാഗർകോവിൽ-മംഗളൂരു പരശുറാം ഇന്നുമുതൽ മുതൽ 29 വരെയും റദ്ദാക്കി. ഇനിയുളള അഞ്ചുദിവസത്തേക്ക് ജനശതാബ്ദിയും ഉണ്ടാകില്ല. സെക്കന്ദരാബാദില്‍ നിന്ന് തിരുവനന്തപുരം വരെ പോകുന്ന ശബരി എക്സ്പ്രസ് , പാത ഇരട്ടിപ്പ് തീരുന്നത് വരെ ഇനി മുതല്‍ തൃശ്ശൂരില്‍ നിന്നാണ് സര്‍വ്വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും.
മാവേലി, മലബാര്‍ എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കാമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇത്രയും നാള് ട്രെയിനുകള്‍ റദ്ദാക്കിയാല്‍ അത് യാത്രദുരിതം വര്‍ദ്ധിപ്പിക്കുമെന്ന് സ്ഥിരം യാത്രക്കാരും പറയുന്നു.