കൊച്ചി: സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. കളമശേരിയില്‍ 10 വര്‍ഷത്തിനുള്ളില്‍ സക്കീർ നാല് വീടുകൾ വാങ്ങിയെന്നും പാർട്ടിയോട് ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രളയഫണ്ട് തട്ടിപ്പ്, ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തല്‍, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്‌ഐയെ ഭീഷണിപ്പെടുത്തല്‍, തുടങ്ങി നിരവധി വിവാദങ്ങളിൽ സക്കീര്‍ ഹുസൈന്‍ ഉൾപ്പെട്ടിരുന്നു.

സക്കീര്‍ പ്രസിഡന്റായിരുന്ന കളമശ്ശേരി ഓട്ടോ സൊസൈറ്റിക്ക് ജില്ലാ ബാങ്കില്‍ ഒന്നേകാല്‍ കോടി രൂപ കുടിശ്ശികയുണ്ട്. പാര്‍ട്ടിയോട് സത്യസന്ധത പുലര്‍ത്തിയില്ലെന്നും പാര്‍ട്ടിക്ക് ചേരാത്തവിധം സ്വത്ത് സമ്പാദനം നടത്തുകയും ചെയ്തു. ഇതുവഴി പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കി. സക്കീറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കളമശ്ശേരി ഏരിയ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് പരിശോധന ഉണ്ടായിട്ടില്ലെന്നും സംഘടനാവീഴ്ച സംഭവിച്ചെന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
