വാഷിങ്ടൺ: അമേരിക്കയിൽ സ്കൂൾ വിദ്യാർഥിനി സഹപാഠികൾക്ക് നേരെ വെടിയുതിർത്തു. യുഎസിലെ ഐഡഹോയിലെ സ്കൂളിലാണ് സംഭവം. വെടിവെയ്പ്പിൽ രണ്ട് വിദ്യാർഥികൾക്കും ഒരു സ്കൂൾ ജീവനക്കാരനും പരിക്കേറ്റുവെന്ന് അധികൃതർ അറിയിച്ചു. അവരിൽ ആരുടെയും പരിക്ക് ഗുരുതരമാല്ലെന്നാണ് റിപ്പോർട്ട്.
റിഗ്ബി മിഡില്‍ സ്കൂളിലാണ് സംഭവം. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ സ്കൂൾ ജീവനക്കാരനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. പരിക്കേറ്റ ആൺകുട്ടിയും പെൺകുട്ടിയും ചികിത്സയിൽ തുടരുകയാണ്. സഹപാഠികൾക്ക് നേരെ വെടിയുതിർത്ത കുട്ടിയുടെ വിശദാംശം പോലീസ് പുറത്ത് വിട്ടിട്ടില്ല.
ബാഗില്‍ കൊണ്ടുവന്ന തോക്കെടുത്ത് പെണ്‍കുട്ടി സ്കൂളിന് പുറത്തും അകത്തുമായി വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ 9 മണിയോടെയയാിരുന്നു സംഭവം. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റതിന് പിന്നാലെയാണ് കുട്ടി തോക്കുമായി പുറത്തേക്കിറങ്ങിയതും വെടിയുതിർത്തതും. ഇതോടെ ഒരു അധ്യാപകന് പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു.
പിന്നീട് പോലീസ് എത്തി വിദ്യാര്‍ഥിനിയെ കസ്റ്റഡില്‍ എടുത്തു. വെടിവെയ്പ്പിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും കൃത്യത്തിന് പ്രേരിപ്പിച്ചതെന്താണെന്നും വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി ഐഡഹോ സർക്കാരും രംഗത്തെത്തിയിട്ടുണ്ട്.