അമ്പലപ്പുഴ : സൈക്കിളിൽ ചുറ്റാനിറങ്ങിയ വയോധികന്റെ കാലുപിടിച്ച് അപേക്ഷിക്കുന്ന കേരള പോലീസ് . കൊറോണ വ്യാപനവും നിയന്ത്രണങ്ങളും ശക്തമാക്കുന്നതിനിടയിൽ പോലീസിനെതിരെ പല തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട് . ഇതിനിടയിലാണ് വ്യത്യസ്തമായ ഈ ചിത്രം ശ്രദ്ധേയമാകുന്നത് .
തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷൻ എസ്.ഐ വി. കമലൻ വയോധികനോട് കാലു പിടിച്ച് അപേക്ഷിക്കുന്ന ചിത്രമാണ് തരംഗമാകുന്നത്. പതിവ് പട്രോളിങ്ങിനിടെയാണ് തോട്ടപ്പള്ളി ഒറ്റപ്പനക്ക് സമീപം വയോധികർ കൂട്ടംകൂടിനിൽക്കുന്നത് എസ്.ഐ കണ്ടത് . ജീപ്പ് കണ്ടതോടെ സമീപവാസികളായ വയോധികർ വീടുകളിലേക്ക് മടങ്ങി.
സൈക്കിളിൽ ഇവരോടൊപ്പം സംസാരിച്ചുനിന്ന വയോധികനോട് പുറത്തിറങ്ങിയത് എന്തിനു വേണ്ടിയാണെന്ന് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ഉണ്ടായില്ല. തുടർന്നാണ് കൊറോണ വ്യാപനത്തിന്റെ ശക്തിയെ കുറിച്ചും , വയോധികരിലും ,മറ്റ് രോഗങ്ങൾ ഉള്ളവരിലും കൊറോണ എത്ര ബുദ്ധിമുട്ടുണ്ടാക്കാമെന്നും എസ് ഐ വയോധികനെ പറഞ്ഞ് മനസ്സിലാക്കിയത് . ഇനിയെങ്കിലും അത്യാവശ്യത്തിനല്ലാതെ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നും കമലൻ വയോധികന്റെ കാലു പിടിച്ച് പറയുന്നതിന്റെ ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.