ന്യൂഡൽഹി: രാജ്യത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്‌ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ എതിർത്ത് സിതാറാം യെച്ചൂരി. കൃത്രിമം കാണിക്കാൻ എളുപ്പമാണെന്നും പണത്തിന് വേണ്ടി വോട്ട് വിറ്റേക്കാമെന്നും സിതാറാം യെച്ചൂരി പറഞ്ഞു. മറ്റ് രാജ്യങ്ങൾ ചെയ്യുന്നത് പോലെ വിദേശത്ത് പോളിംഗ് ബുത്തുകൾ സ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിരവധി പേർ വളരെ കഷ്ടപ്പെട്ടാണ് അവിടെ അതിജീവിക്കുന്നത്. ഒരുപാട് പേരുടെ പാസ്‌പോർട്ടുകൾ പോലും മാനേജർമാർ പിടിച്ച് വച്ചിരിക്കുകയാണ്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവർ നേരിടുന്നുണ്ട്. അവരുടെ തപാൽ വോട്ടുകളിൽ കൃത്രിമം കാണിക്കാൻ എളുപ്പം ആയിരിക്കും. പണത്തിന് വേണ്ടി വോട്ട് വിൽക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
