ദില്ലി:സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ് സി ആര്‍എ ലൈസന്‍സ് റദ്ദാക്കി. ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.സംഘടനക്ക് ഇനി മുതല്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കാനാവില്ല. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് സാമ്പത്തിക സഹായം ലഭിച്ചതായി ബിജെപി ആരോപിച്ചിരുന്നു. വിവാദ രത്നവ്യാപാരി മെഹുല്‍ ചോക്സിയില്‍ നിന്ന് പണം സ്വീകരിച്ചു, യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റി തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, പി ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ട്രസ്റ്റികളാണ്. 1991ല്‍ സ്ഥാപിച്ച രാജീവ് ഗാന്ധി ഫൗണ്ടേഷന് വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്ര സാങ്കേതിക മേഖലകളിലാണ് ശ്രദ്ധ ചെലുത്തിയിരുന്നത്. ഗാന്ധി കുടുംബം അധ്യക്ഷ സ്ഥാനത്തുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ സംഘടനകള്‍ക്കെതിരെയും ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

രാജ്യത്തെ ആറായിരത്തിലധികം സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ഇതിനകം റദ്ദായിട്ടുണ്ട്..ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാത്തവ . തൃപ്തികരമായ രേഖകളില്ലാത്തതിനാല്‍ ആഭ്യന്തരമന്ത്രാലയയം അപേക്ഷ തള്ളിയവ… ഇങ്ങനെ പല കാരണങ്ങളാൽ 6003 സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സാണ് റദ്ദായത്. രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച് 22832 സ്ഥാപനങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇവയുടെ എണ്ണം 16,829 ആയി. ലൈസന്‍സ് റദ്ദായ സംഘടനകള്‍ക്ക് അപ്പീൽ നല്‍കാം.

നൊബേൽ സമ്മാന ജേതാവായ മദർ തെരേസ (Mother Teresa) സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ (Missionaries of Charity) വിദേശസഹായം സ്വീകരിക്കാന്‍ വിലക്ക് പ്രഖ്യാപിച്ചെങ്കിലും പിന്നീട് നീക്കി .കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിവസമാണ് വിദേശ സംഭാവന സ്വീകരിക്കാനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് നൽകിയ അനുമതി സർക്കാർ റദ്ദാക്കിയത്.വിദേശ സഹായം സ്വീകരിക്കാൻ വിദേശ സംഭാവന നിയന്ത്രണച്ചട്ടത്തിന്റെ (Foreign Contribution Regulation Act – FCRA))രജിസ്ട്രേഷൻ നിർബന്ധമാണ്. ഇത് സംബന്ധിച്ച് ലൈസൻസ് പുതുക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി നൽകിയ അപേക്ഷ കേന്ദ്രം നിരസിക്കുകയായിരുന്നു. എന്നാൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചതോടെയാണ് വിലക്ക് നീക്കിയത്.