കൊച്ചി : മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി 20യിൽ കളിക്കാനാണ് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് കളത്തിലിറങ്ങുന്നത്. വാതുവെയ്പിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിലക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് വീണ്ടും കളിക്കളത്തിലേക്ക് വരുന്നത്.

ആലപ്പുഴ എസ് ഡി കോളജില്‍ ഡിസംബര്‍ 17 മുതല്‍ ജനുവരി മൂന്നു വരെയാണ് മല്‍സരം നടക്കുന്നത്. സച്ചിന്‍ ബേബി നയിക്കുന്ന കെസിഎ ടൈഗേഴ്‌സിലാണ് ഫാസ്റ്റ് ബൗളര്‍ ആയ ശ്രീശാന്ത് കളിക്കാന്‍ ഇറങ്ങുന്നത്. കെസിഎ റോയല്‍സ്, കെസിഎ ടൈഗേഴ്‌സ്, കെസിഎ ടസ്‌ക്കേഴ്‌സ്,കെസിഎ ഈഗിള്‍സ്, കെസിഎ പാന്തേഴ്‌സ്, കെസിഎ ലയണ്‍സ് എന്നീ ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

2013 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് ശ്രീ അവസാനമായി കളിച്ചത്. ഇതിനിടെയാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. പിന്നീട് തെളിവില്ലാത്തതിനാൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കെസിഎ ഭാരവാഹികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തിലാണ് മല്‍സരം.18 ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 33 മല്‍സരങ്ങളുണ്ടായിരിക്കും.പകല്‍ മാത്രമായിരിക്കും മല്‍സരം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മല്‍സരം സംഘടിപ്പിക്കുക.