തിരുവനന്തപുരം: എസ്.വി പ്രദീപ് കുമാറിന്റെ അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് ഭയന്നിട്ടെന്ന് ഡ്രൈവർ ജോയിയുടെ മൊഴി. അപകട സമയത്ത് ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നുവെന്നും ജോയ് ചോദ്യം ചെയ്യലിൽ പറഞ്ഞു.

വെള്ളയാണിയിൽ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരം വഴി പേരൂർക്കടയിലെത്തിയ വണ്ടി അപകടത്തെ തുടർന്ന് ഈഞ്ചയ്ക്കലിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനത്തിൻ്റെ ഉടമയെയും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനവും വാഹനം ഓടിച്ചിരുന്ന ഡ്രൈവറും പൊലീസ് ഇന്ന് ഉച്ചയോടെ കസ്റ്റിഡിയിലെടുത്തിരുന്നു. ഈഞ്ചക്കൽ നിന്നാണ് ലോറി പിടികൂടിയത്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറി കണ്ടെത്തിയത്. പേരൂർക്കട സ്വദേശിയാണ് പിടിയിലായ ജോയി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജോയിയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കരമന- കളിയിക്കാവിള ദേശീയപാതയിൽ ഇന്നലെ വൈകുന്നേരമാണ് മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ്കുമാർ സഞ്ചരിച്ച സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അപകടമുണ്ടാവുന്നത്. എസ്.വി പ്രദീപ് കുമാറിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രദീപിന് നേരെ ചില ഭീഷണികൾ വന്നിരുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.