തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മുത്താന സ്വദേശി ആതിരയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കറിക്കത്തി കൊണ്ടാണ് കഴുത്ത് മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു.

ഒന്നരമാസം മുൻപായിരുന്നു ആതിരയുടെ വിവാഹം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ആതിരയുടെ ഭർത്താവ് ശരത് രാവിലെ അച്ഛനുമൊത്ത് കൊല്ലത്ത് ആശുപത്രിയിൽ പോയിരുന്നു. ഇതിനിടെ ആതിരയുടെ അമ്മ മകളെ കാണാൻ വീട്ടിൽ എത്തിയെങ്കിലും ആരേയും കണ്ടില്ല.

ശരത് എത്തിയ ശേഷം വീടിനുള്ളിൽ തിരഞ്ഞപ്പോഴാണ് ആതിരയെ ബാത്ത്‌റൂമിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോഗ്‌സ്‌ക്വാഡും ഫൊറെൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.