ന്യൂയോർക്ക് : യുഎസിൽ ക്യാപ്പിറ്റോൾ മന്ദിരം താൽക്കാലികമായി അടച്ചു. ക്യാപിറ്റോൾ കോംപ്ലക്‌സിന് സമീപത്തെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്നാണ് താത്കാലികമായി അടച്ചത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് തീപിടുത്തമുണ്ടായത്.

ക്യാപിറ്റോൾ കോപ്ലക്‌സിന് സമീപത്തെ ഫസ്റ്റ്, എഫ് സ്ട്രീറ്റുകളിലായിരുന്നു സംഭവം. തീപിടുത്തത്തിൽ ആളപായം ഉണ്ടായിട്ടില്ല. വിവരം അറിഞ്ഞ അഗ്നിശമന സേന ഉടനെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഭവ സ്ഥലത്തും ക്യാപിറ്റോൾ പരിസരത്തും വൻ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

അമേരിക്കയിലെ അധികാരമാറ്റത്തോടുള്ള ട്രംപ് അനുകൂലികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ഇതിനിടെയാണ് തീപിടുത്തം ഉണ്ടായത്. തീപടരാനുണ്ടായ കാരണം വിദഗ്ധർ പരിശോധിച്ച് വരികയാണ്.
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന ചടങ്ങിൽ പരിപാടികൾ സംഘടിപ്പിക്കാനെത്തിയവരെ ക്യാപിറ്റോളിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ.