കൊല്ലം: വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികൾക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒൻപത് പേരുടെ മുഖചിത്രം നൽകിയിട്ടുണ്ട്. അതിൽ ഒരാൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ചിത്രത്തിലുള്ള മറ്റൊരു വൈദികൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആന്റണി രാജുവിനും കടകംപള്ളി സുരേന്ദ്രനും വേണ്ടി പരസ്യമായി പ്രവർത്തിച്ച ആളാണ്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത കർഷകരെ തീവ്രവാദികളായും മാവോയിസ്റ്റുകളായും അർബൻ നക്സലൈറ്റുകളായും മോദി സർക്കാർ ചിത്രീകരിച്ചതു പോലെയാണ് വിഴിഞ്ഞത്ത് നാല് വർഷമായി സിമെന്റ് ഗോഡൗണിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾ പുനരധിവാസം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ തീവ്രവാദ പ്രവർത്തനമായി പിണറായി സർക്കാർ ചിത്രീകരിക്കുന്നത്. വികസനത്തിന്റെ ഇരകളായി മാറിയ പാവങ്ങളെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി ഭാവിയിൽ വീട് നിർമ്മിച്ച് നൽകാൻ സർക്കാർ തയാറുണ്ടോയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും സതീശൻ പറഞ്ഞു.

എന്തുകൊണ്ടാണ് സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാത്തത്? മുഖ്യമന്ത്രി സംസാരിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ സമരം അവസാനിക്കും. എന്നാൽ അദാനിയുടെ ഉച്ചഭാഷിണിയായി സംസ്ഥാന സർക്കാർ മാറിയിരിക്കുകയാണ്. അദാനിയുടെ കേസ് കോടതിയിൽ വന്നപ്പോൾ മത്സ്യത്തൊഴിലാളികൾ കലാപകാരികളാണെന്ന് വരുത്തിത്തീർത്ത് പ്രകോപനമുണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. ഒരു അക്രമ സംഭവത്തെയും പ്രതിപക്ഷം പ്രോത്സാഹിപ്പിക്കില്ല. പക്ഷെ ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവരെ പ്രതിയാക്കിയും കസ്റ്റഡിയിൽ എടുത്തവരെ അന്വേഷിച്ച് ചെന്ന പള്ളിക്കമ്മിറ്റിക്കാരെ അറസ്റ്റ് ചെയ്തും സമരക്കാരെ സർക്കാരും പൊലീസും മനപൂർവം പ്രകോപിപ്പിച്ചു. സംഘർഷമുണ്ടാക്കുന്നതിന് വേണ്ടി രാവിലെ ആറ് മണിക്ക് പാറയുമായെത്തിയ ലോറി പൊലീസ് തടഞ്ഞിട്ടു. കുഴപ്പം ഉണ്ടാക്കി അവിടെ നടക്കുന്നത് കലാപവും തീവ്രവാദവുമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. പാവങ്ങളായ മത്സ്യത്തൊഴിലാളികളോടും അനീതിയും അക്രമമവുമാണ് സർക്കാർ ചെയ്തത്.
സർക്കാരും സി.പി.എമ്മും പ്രചരിപ്പിക്കുന്നതല്ലാതെ സമരക്കാരുമായി എന്ത് ഒത്തുതീർപ്പാണ് ഉണ്ടാക്കിയത്? പുനരധിവാസം സംബന്ധിച്ച് എന്തെങ്കലും നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായോ? വികസനത്തിന്റെ ഇരകളായ മത്സ്യത്തൊഴിലാളികൾ കഴിയുന്ന പരിതാപകരമായ അവസ്ഥയാണ് ഈ സമരത്തെ പിന്തുണയ്ക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. കണ്ടാൽ സഹിക്കാനാകാത്ത സ്ഥിതിയിലാണ് സിമെന്റ് ഗോഡൗണിൽ താമസിക്കുന്നവർ കഴിയുന്നത്. വികസനത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ള ബാധ്യത ക്ഷേമരാഷ്ട്രത്തിനുണ്ട്. ആ ഉത്തരവാദിത്തം സർക്കാർ പാലിക്കണം.
മന്ത്രിക്കെതിരായ പരാമർശങ്ങൾ പിൻവലിച്ച് വൈദികൻ ക്ഷമ പറഞ്ഞിട്ടുണ്ട്. അത്തരം പരാമർശങ്ങളോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് മന്ത്രിമാർ സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത്? ഇഷ്ടമില്ലാത്ത ആരെയും തീവ്രവാദികളെന്ന് വിളിക്കാമോ? മന്ത്രിമാർ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം.
ഉമ്മൻ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് എഴുതിക്കൊടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഇതിനൊക്കെ കാലം കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ്. വി.സിമാരെ നീക്കുന്നതുമായി ബന്ധപ്പെട്ട് വിയോജനക്കുറിപ്പ് എഴുതിയ കൃഷിവകുപ്പ് സെക്രട്ടറക്ക് താക്കീത് നൽകാൻ തീരുമാനിച്ച സർക്കാർ ഫയലിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള ഉദ്യോഗസ്ഥന്റെ അവകാശത്തെയാണ് ചോദ്യം ചെയ്തത്. നിയമവിരുദ്ധമാണെങ്കിലും സെക്രട്ടറിമാർ സർക്കാരിന് മംഗളപത്രം നൽകണമെന്ന സന്ദേശമാണ് ഈ തീരുമാനത്തിലൂടെ ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകുന്നത്. സി.പി.എമ്മിന് ഇഷ്ടമുള്ള ആരെയും ചാൻസലറാക്കി നിയമിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ആർ.എസ്.എസ് വത്ക്കരണമെന്ന ആക്ഷേപമാണ് ഇവർ ഇതുവരെ ഗവർണർക്കെതിരെ ഉന്നയിച്ചിരുന്നത്. ഇപ്പോൾ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ നടപടി ഒരുകാരണവശാലും പ്രതിപക്ഷം അനുവദിക്കില്ല.