മനാമ: ബഹ്റൈനിൽ ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം മുതൽ ഇൻഡോർ സേവനങ്ങളും മറ്റ് ചില സേവനങ്ങളും അനുവദിക്കും. എന്നാൽ ഇത് വാക്സിനേഷൻ എടുത്തവർക്കും രോഗമുക്തരായ വ്യക്തികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
റെസ്റ്റോറന്റുകളിലും കഫേകളിലും ഇൻഡോർ സേവനങ്ങൾ, ഇൻഡോർ ജിമ്മുകൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, സിനിമശാലകൾ, സ്പാകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, ഇൻഡോർ ഇവന്റുകളും കോൺഫറൻസ് ഹാളുകളും, കായിക ഇവന്റുകൾ തുടങ്ങിയ ഇൻഡോർ സേവനങ്ങൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.
എന്നാൽ കഫേകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം കഴിക്കുക, ജിമ്മുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, കളിസ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ എന്നിവയെല്ലാം ഔട്ട്ഡോറിൽ പ്രവർത്തിക്കുകയാണെങ്കിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും.
ബഹ്റൈനിൽ എത്തുന്ന യാത്രക്കാരിൽ പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കോ വൈറസിൽ നിന്ന് മുക്തരായവർക്കോ ഇനി മുതൽ പിസിആർ പരിശോധന ആവശ്യമില്ല. ഇവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് മാത്രം നൽകിയാൽ മതിയാകും. ഈദ് അൽ-ഫിത്തർ അവധിക്കാലത്തിന്റെ ആദ്യ ദിവസം മുതൽ ‘ബീഅവെയർ’ ആപ്ലിക്കേഷൻ വഴി വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ കഴിയും. 18 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് വാക്സിൻ എടുത്തതോ അല്ലെങ്കിൽ രോഗമുക്തരോ ആയ രക്ഷാകർത്താവ് ഒപ്പമുണ്ടെങ്കിൽ അനുവദനീയമാണ്.