ഷി ജിൻപിങ് മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്നലെ തെരഞ്ഞെടുത്ത കേന്ദ്ര കമ്മറ്റി പുതിയ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പാർട്ടിയുടെ ഷങ്ഹായ് സെക്രട്ടറി ലി കിയാങ് ആണ് പുതിയ പ്രധാനമന്ത്രി.

മാവോസെ തുങ്ങിനു ശേഷം തുടർച്ചയായി രണ്ടിലധികം തവണ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ നേതാവെന്ന നേട്ടം ഇനി ഷി ജിന്‍പിങിനു സ്വന്തം. ചൈനയെന്നാൽ ഷീ ജിൻപിങ്ങാണെന്ന് ഉറപ്പിച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോണ്‍ഗ്രസ് സമാപിച്ചത്. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും ചൈനയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും സ്വയം സമർപ്പിക്കാന്‍ ഷി ജിൻപിങ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. പാർട്ടി രൂപീകരിച്ചിട്ട് 100 വർഷം പിന്നിടുന്ന സാഹചര്യത്തില്‍ ഏറ്റെടുക്കേണ്ട പുതിയ ഉത്തരവാദിത്വങ്ങളെ കുറിച്ച് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷി.

അടുത്ത അഞ്ചു വർഷം പാർട്ടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. 205 പൂർണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമ്മീഷനെയും തീരുമാനിച്ചു. 2,296 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സീറോ കോവിഡ് സ്ട്രാറ്റജിക്കെതിരെയും ഷി ജിൻപിങിനെതിരെയും ചെറിയ പ്രതിഷേധങ്ങൾ ചൈനയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആഭ്യന്തര കാര്യങ്ങളിലും അന്താരാഷ്ട്ര രംഗത്തും വലിയ നയം മാറ്റമില്ലാതെയാണ് പാർട്ടി കോൺഗ്രസ് സമാപിച്ചത്.