
മലയാള സിനിമയിൽ മുത്തച്ഛൻ വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിന്ന കാരണവരാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടെങ്കിലും ഏവരും അറിയുന്നത് ‘കല്യാണരാമനിലെ’ രാമൻകുട്ടിയുടെ മുത്തച്ഛൻ എന്ന് പറഞ്ഞാലാണ്. കൊച്ചുമകനൊപ്പം കുസൃതികൾ കാട്ടി ഒപ്പം കൂടുന്ന പാചക കുടുംബത്തിലെ കാരണവർ വേഷമായിരുന്നു ഇദ്ദേഹത്തിന്.
ഇന്നും മീമുകളിൽ ‘രാമൻകുട്ടിയുടെ മുത്തച്ഛൻ’ ഒളിമങ്ങാത്ത താരമാണ്. ഇപ്പോൾ 98 വയസ്സ് പ്രായമുണ്ട് ഇദ്ദേഹത്തിന്.
അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവുമധികം ഹ്യൂമർ നിറഞ്ഞ വേഷം എന്ന് ഈ കഥാപാത്രത്തെ വിളിക്കാം. സിനിമയിൽ പലപ്പോഴും ഹാസ്യം പറയാതെ തന്നെ നർമ്മ മുഹൂർത്തങ്ങൾ ഒരുക്കി എന്നതായിരുന്നു ഈ കഥാപാത്രത്തിന്റെ പ്രത്യേകത.
കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞ് വിജയകരമായി ചികിത്സ പൂർത്തിയാക്കി മടങ്ങിയെത്തിയിരിക്കയാണ് ആദ്ദേഹത്തിന് അന്ത്യം സംഭവിച്ചത് .
ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. എന്നാൽ കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം പിന്നീട് അറിയാൻ സാധിച്ചു. ന്യുമോണിയ ഭേദമായി വീട്ടിൽ എത്തിയ ശേഷം പനി വന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് എന്ന് മനസ്സിലായത്. ശേഷം വീണ്ടും ആശുപത്രിയിലേക്ക്. രണ്ടു ദിവസം ഐ.സി.യു.വിൽ കഴിഞ്ഞു.
പ്രായാധിക്യത്തിലും ആരോഗ്യം പരിപാലിക്കാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ശ്രദ്ധിച്ചു. 95 വയസ്സുള്ള ഉണ്ണികൃഷ്ണൻ നമ്പൂതിരി യോഗ പരിശീലിക്കുന്ന വീഡിയോ ഏതാനും വർഷങ്ങൾക്ക് മുൻപേ പുറത്തിറങ്ങിയിരുന്നു.
1996ൽ റിലീസ് ചെയ്ത ദേശാടനത്തിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമയിലെത്തിയത്. ആ വർഷത്തെ ദേശീയ പുരസ്കാരം നേടിയ ചിത്രം കൂടിയാണിത്.
തുടർന്ന് കല്യാണരാമൻ, മായാമോഹിനി, രാപ്പകൽ, ലൗഡ്സ്പീക്കർ, ഫോട്ടോഗ്രാഫർ, പോക്കിരി രാജ, മധുരനൊമ്പരക്കാറ്റ്, അങ്ങനെ ഒരു അവധിക്കാലത്ത്, കൈക്കുടന്ന നിലാവ്, കളിയാട്ടം തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.
ചന്ദ്രമുഖിയിൽ രജനികാന്തിനൊപ്പവും തിളങ്ങി. പമ്മൽ കെ. സംബന്ധം എന്ന തമിഴ് ചിത്രത്തിൽ കമൽ ഹാസനൊപ്പവും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയിൽ മമ്മൂട്ടിക്കൊപ്പവും തമിഴകത്തെത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരി ഇദ്ദേഹത്തിന്റെ മരുമകൻ ആണ്.