തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. പ്രചരണ പരിപാടികളും അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കഴിഞ്ഞ ദിവസം നടനും എംപിയുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. സുരേഷ ്ഗോപിക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷിന്റെ മറുപടി.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സംഗമം തളാപ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. രാജ്യം ഇതുവരെ കാണാത്ത തരത്തിലുളള വൃത്തികെട്ട ഭരണമാണ് കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റെ ഭരണം എന്ന് സുരേഷ് ഗോപി ആരോപിച്ചു. ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തില്‍ എന്നല്ല ഇന്ത്യയിലെ തന്നെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളോട് സ്മരണ ഇല്ലാത്ത ഈ സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അതേസമയം, സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്ക്ക് ഇടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തിന് നന്ദി പറയാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. അല്ലെങ്കില്‍ ആദ്യത്തെ പ്രളയത്തിന് ശേഷം തന്നെ ഈ സര്‍ക്കാരിനെ എടുത്ത് പുറത്ത് കളഞ്ഞേനെ. ഇത്തരം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുളള അവസരമാണ് തിരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചുട്ടമറുപടിയുമയാണ് നടന് ഹരീഷ് പേരടി രംഗത്തെത്തിയത്. അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ന്യൂനമര്‍ദ്ധമായി മാറും എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്…ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന് മാത്രം കത്തി നില്ക്കും…കളമറിഞ്ഞ് കളിക്കുക ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.