THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Special report പോരാടാന്‍ ഇടതു സര്‍ക്കാര്‍: തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍

പോരാടാന്‍ ഇടതു സര്‍ക്കാര്‍: തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍

തെരഞ്ഞെടുപ്പിലും പിടിമുറുക്കാന്‍ കസ്റ്റംസ്: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് പ്രത്യേക സംഘം 

ശ്രീനി

(സ്‌പെഷ്യല്‍ സ്‌റ്റോറി)

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോരു മുറുകുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ ഇടതു സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം നിലനില്‍ക്കെ, തെരഞ്ഞെടുപ്പിനു മുന്നോടിയായി കസ്റ്റംസ് കടുത്ത നടപടികളിലേക്ക്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ നീരീക്ഷണത്തിനായി കസ്റ്റംസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഇ.ഡിയുടെ അന്വേഷണത്തിനെതിരായി സംസ്ഥാനം സമര്‍പ്പിച്ച പരാതി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയതും എല്‍.ഡി.എഫ് സര്‍ക്കാരിന് തിരിച്ചടിയാകുന്നു.

കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്താണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ തള്ളിയത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്‍പര്യപ്രകാരമാണ് ഇ.ഡി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചത്. എന്നാല്‍ കേന്ദ്ര അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് സുനില്‍ അറോറ വ്യക്തമാക്കി.

അന്വേഷണം കഴിഞ്ഞ മാര്‍ച്ച് മുതല്‍ നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളില്‍ ഇടപെടാനാകില്ലെന്നും സുനില്‍ അറോറ വ്യക്തമാക്കി. അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷന്‍ ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ വിജയ യാത്രയില്‍ പങ്കെടുത്ത് കഴിഞ്ഞ ഫെബ്രുവരി 28 ന് നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവന അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

കിഫ്ബിക്കെതിരായ അന്വേഷണത്തില്‍ നേരത്തെ സി.പി.എം കേന്ദ്ര നേതൃത്വവും രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കിഫ്ബിക്കെതിരെ കേസ് എടുത്ത നടപടിയെന്നാണു സി.പി.എം പോളിറ്റ് ബ്യൂറോ ആരോപിച്ചിരുന്നത്. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കിഫ്ബിക്കും എല്‍.ഡി.എഫ് സര്‍ക്കാരിനും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതായും പോളിറ്റ് ബ്യൂറോ പരാതിപ്പെട്ടിരുന്നു.

കസ്റ്റംസ് ഓഫീസുകള്‍ക്കു നേരെ സി.പി.എം മാര്‍ച്ചു നടത്തിയതിനു പിന്നാലെ നടപടികള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് കള്ളപ്പണ വിനിയോഗം തടയാനും കര്‍ശന നടപടികള്‍ക്കുമാണ് കസ്റ്റംസ് ഒരുങ്ങുന്നത്. റോഡ്, ജല മാര്‍ഗങ്ങളിലൂടെയുള്ള പണം കടത്ത് തടയാനാണ് കസ്റ്റംസ് പ്രധാനമായി ലക്ഷ്യമിടുന്നത്. റവന്യൂ ഇന്‍്റലിജന്‍സിലെ ജോയിന്‍്റ് കമ്മീഷണര്‍ പ്രിയാങ്ക് ചതുര്‍വേദിയെ ഇതിനുള്ള നോഡല്‍ ഓഫീസറായി നിയമിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി ജയകാന്ത് മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ഓരോ ജില്ലക്കും പ്രത്യേക ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി. സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളൈയിംങ് സ്‌ക്വാഡ്, ബോട്ടുകള്‍ എന്നിവക്കു പുറമേ വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെയും കസ്റ്റംസ് നീരീക്ഷണത്തിനായി ചുമതലപ്പെടുത്തി കഴിഞ്ഞു.  

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments