പണ്ട് 1960 കളിലും 70 കളിലുമുണ്ടായിരുന്ന ഭൂഖണ്ഡാന്തര ബസ് സര്‍വീസുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഋഷികേശ് സ്വദേശിയും ഗുസ്തി താരവുമായ ലബാന്‍ഷു ശര്‍മ, 20 ആളുകളുമായി 75 ദിവസത്തെ യാത്രയ്ക്കുള്ള പദ്ധതി ആസൂത്രണം ചെയ്തിരിക്കുകയാണ്. ‘ഇന്‍ക്രെഡിബിള്‍ ബസ് റൈഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര 2021 ജൂണില്‍ ആരംഭിക്കും. 21,000 കിലോമീറ്റര്‍ ദൂരമാവും ഇവര്‍ ഈ യാത്രയില്‍ സഞ്ചരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ യാത്ര ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ്19 മഹാമാരി കാരണം ഇത് മാറ്റിവയ്ക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയില്‍ നിന്ന് യാത്ര ആരംഭിച്ച് ആദ്യ പാദത്തില്‍ മ്യാന്‍മറില്‍ പ്രവേശിക്കും.റഷ്യയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് തായ്‌ലന്‍ഡ്, ലാവോസ്, ചൈന എന്നിവിടങ്ങളിലൂടെ പര്യടനം കടന്നുപോകും, ഒടുവില്‍ യൂറോപ്പിലെത്തി ലണ്ടനില്‍ സമാപിക്കും. മധ്യേഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്രയായിരിക്കാം ഇത് എന്ന് ശര്‍മ്മ പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരം വിദേശത്ത് പ്രചരിപ്പിക്കാനാണ് താന്‍ ലണ്ടനിലേക്കുള്ള ഈ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് ഗുസ്തിതാരം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ സഹോദരനൊപ്പം ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ഒരു ഫോര്‍ വീലര്‍ റോഡ് ട്രിപ്പ് അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഏഷ്യന്‍ അന്താരാഷ്ട്ര ഗെയിംസിലും മറ്റ് നിരവധി ദേശീയതല മത്സരങ്ങളിലും സ്വര്‍ണം നേടിയ താരമാണ് ശര്‍മ. ഒരു ആക്ടിവിസ്റ്റ് കൂടിയായ അദ്ദേഹം 32 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നിരവധി ‘സമാധാന യാത്രകളില്‍’ പങ്കെടുത്തിട്ടുണ്ടെന്നും പറയുന്നു.