കൊച്ചി: ഇന്ത്യ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലവധി അവസാനിച്ചു. ശ്രീശാന്തിന് ഇനി ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കി. വരും ദിവസങ്ങളില്‍ താരത്തിന് ഏത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വേണമെങ്കിലും കളിക്കാം. ക്രിക്കറ്റില്‍ നിന്നുള്ള താരത്തിന്റെ 7 വര്‍ഷത്തെ വിലക്കാണ് ഇന്ന് അവസാനിച്ചത്.

”എനിക്ക് വീണ്ടും കളിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഇത് വലിയ ആശ്വസമാണ്. ഇപ്പോഴുള്ള മാനസികാവസ്ഥ മറ്റാര്‍ക്കെങ്കിലും മനസ്സിലാവുമെന്ന് തോന്നുന്നില്ല. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് മുന്നില്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെവിടെയും കളിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ്…” ശ്രീശാന്ത് വ്യക്തമാക്കി.

ഐ.പി.എല്ലിന്റെ ആറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ചില കളികളുമായി ബന്ധപ്പെട്ട് വാതുവെയ്പ് (സ്‌പോട്ട് ഫിക്‌സിങ്) സംഘത്തിനുവേണ്ടി ഒത്തുകളിച്ചു എന്ന പേരില്‍ ശ്രീശാന്തിനെയും മറ്റ് രണ്ട് ക്രിക്കറ്റ് കളിക്കാരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് കളിക്കാരായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയാണ് ശ്രീശാന്തിനൊപ്പം ചോദ്യം ചെയ്യാനായി ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു്, പ്രത്യേകം വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തില്‍ വെച്ച് ഡെല്‍ഹി പോലീസ് ഒത്തുകളിഗൂഢാലോചനയുടേയും അറസ്റ്റിന്റേയും വിശദവിവരങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
മുമ്പു ലഭിച്ച തുമ്പിന്റെ അടിസ്ഥാനത്തില്‍ കളിക്കാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് ചോര്‍ത്തിയിരുന്നു. വാതുവെക്കുന്നവരുടെ സൗകര്യത്തിനു വേണ്ടി കളികള്‍ക്കിടെ ഒരു നിശ്ചിത ഓവറില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിക്കൊടുക്കുക എന്നതായിരുന്നുവത്രേ കളിക്കാരും വാതുവെക്കുന്നവരും തമ്മിലുണ്ടായിരുന്ന കരാര്‍. നിശ്ചിത ഓവര്‍ ഏതെന്നു് കളിക്കാരന്‍ തീരുമാനിക്കും. ആ ഓവറിനു തൊട്ടുമുമ്പായി, മുന്‍കൂട്ടി പറഞ്ഞുവെച്ച, ആംഗ്യരൂപത്തിലോ പ്രവൃത്തിരൂപത്തിലോ ഉള്ള, എന്നാല്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കാനിടയില്ലാത്ത, ഒരു സൂചന കളിക്കാരന്‍ കാണിക്കുകയും അതു മനസ്സിലാക്കി വാതുവെപ്പുകാര്‍ ഉയര്‍ന്ന തുകകള്‍ക്കു പന്തയം വെക്കുകയും ചെയ്യും.
പോലീസ് ഈ അടയാളങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് കളിയും സ്‌കോറുകളും നിരീക്ഷിച്ചു പരിശോധിച്ച് തെളിവുകള്‍ പൂര്‍ണ്ണമാക്കുകയായിരുന്നു. ശ്രീശാന്ത് എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ മൂന്നു ഫോര്‍ അടക്കം 13 റണ്ണുകള്‍ വഴങ്ങിയിരുന്നു. കൂടാതെ, ആ ഓവറിനുമുമ്പ് അദ്ദേഹം പതിവില്‍ കൂടുതല്‍ സമയം ‘വാം അപ്’ ചെയ്യാന്‍ ചെലവാക്കുകയും ചെയ്തിരുന്നു. വാതുവെപ്പുകാര്‍ക്കു് അവരുടെ പന്തയമുറപ്പിക്കുന്നതില്‍ തയ്യാറെടുക്കാന്‍ വേണ്ടിയായിരുന്നു ഈ അധികസമയം എന്നു് പോലീസ് അനുമാനിച്ചു. വാതുവെപ്പ് ആരോപണത്തെത്തുടര്‍ന്ന് ബി.സി.സി.ഐ മൂന്ന് കളിക്കാരെയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.