THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, March 31, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Technology ഫേസ്ബുക്ക് സേഫ് ആക്കാന്‍ മാര്‍ഗം

ഫേസ്ബുക്ക് സേഫ് ആക്കാന്‍ മാര്‍ഗം

യാസര്‍ അറഫാത്ത് നൂറാനി

adpost

സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന സമൂഹ മാധ്യമമാണ് ഫേസ്ബുക്ക്. ബ്രിട്ടീഷ് ഡാറ്റാ അനലറ്റിക്കല്‍ സ്ഥാപനമായ കാംബ്രിഡ്ജ് അനലറ്റിക്കയാണ് ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വ്യക്തമാക്കി 2015ല്‍ ആദ്യമായി രംഗത്തെത്തിയത്. ശേഷം, യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ പ്രചാരണത്തിന് വേണ്ടി ഫേസ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു അനലറ്റിക്ക മുന്‍ റിസര്‍ച്ച് ഡയറക്്ടര്‍ ക്രിസ്റ്റഫര്‍ വെയ്‌ലി വെളിപ്പെടുത്തിയത്.

adpost

ഇത്തരത്തില്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താത്പര്യവും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ ശേഷമാണ് കാംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിരുന്നത്. ഇതിനുപുറമേ, ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ക്ക് കൈമാറിയതായും ആരോപണമുയരുകയുണ്ടായി. അതോടെ, ഫേസ്ബുക്കിന്റെ സുരക്ഷാവീഴ്ചകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഫേസ്ബുക്ക് ബി ജെ പിയെ വഴിവിട്ടു സഹായിച്ചെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. അധിക്ഷേപവും വര്‍ഗീയതയും നിറഞ്ഞ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും പ്രസംഗങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയൊന്നും സ്വീകരിക്കാതിരുന്നതും കഴിഞ്ഞ മാസം വിവാദമായി.

വ്യക്തിപരമായി ഓരോ ഉപഭോക്താവിന്റെയും ഡാറ്റ രാഷ്ട്രീയബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്ന ആശങ്ക നാള്‍ക്കുനാള്‍ കൂടിവരികയാണ്. കാംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയത് 5,62,455 ഇന്ത്യക്കാരുടെ രേഖകളാണെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 335 ഇന്ത്യക്കാര്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു. ഇതിലൂടെയാണ് കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ശേഖരിച്ചതെന്നും ഫേസ്ബുക്ക് വിശദമാക്കിയിരുന്നു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഉപയോക്താക്കളോട് മാപ്പ് പറഞ്ഞെങ്കിലും അവ്യക്തതകള്‍ പൂര്‍ണമായി നീക്കാന്‍ കമ്പനിക്കായില്ല. അതിനുശേഷം, കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും ഫേസ്ബുക്ക് നടത്തുകയുണ്ടായി. എങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ പലപ്പോഴായി വന്നുകൊണ്ടിരുന്നു.

ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ ആശങ്കകളും ചെറുതല്ല. വ്യക്തി വിവരങ്ങള്‍ ചോരാതിരിക്കുക എന്നത് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഓരോ ആളും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള വഴികള്‍ അറിഞ്ഞിരിക്കുക എന്നത് ഓരോ ഉപഭോക്താവിനും അനിവാര്യമായിരിക്കുന്നു. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള പ്രധാന ദൗത്യം സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിക്കുക എന്നതാണ്.

വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്്വേഡ് ഉപയോഗിക്കാതിരിക്കുക. പല പാസ് വേഡുകള്‍ ഉപയോഗിക്കണം. ഒരുപോലെ പാസ്‌വേര്‍ഡ് നല്‍കിയാല്‍ ഫൂള്‍പ്രൂഫ് രീതിയിലൂടെ നമ്മുടെ അക്കൗണ്ട് മൊറ്റൊരാള്‍ക്ക് ഹാക്ക് ചെയ്യാനാകും. ഫോണില്‍ പുതിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അറിയാതെയെങ്കിലും അവരുടെ നിര്‍ദേശങ്ങള്‍ നമ്മള്‍ ശരിവെക്കും. നമ്മളറിയാതെ സംഭവിച്ചതാണെങ്കിലും, നമ്മള്‍ നല്‍കുന്നത് നമ്മുടെ ഡാറ്റകളില്‍ കടന്നുകയറാനുള്ള അനുവാദമാണ്. ആപ്പ് സെറ്റിംഗ്‌സില്‍ പോയി നമുക്ക് ഈ അനുവാദം തിരിച്ചെടുക്കാനും കഴിയും.

പുതുതായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അവരുടെ നിര്‍ദേശങ്ങളെല്ലാം വായിച്ച് നോക്കാതെ ഓക്കെ കൊടുക്കാതിരിക്കുക. ഫേസ്ബുക്കില്‍ വരുന്ന പരസ്യങ്ങള്‍ ഒഴിവാക്കുക. ഇത്തരം പരസ്യങ്ങള്‍ നമ്മുടെ അഭിരുചി അറിയാനുള്ളതാണ്. ഫേസ്ബുക്ക് സെറ്റിംഗ്‌സ് വഴി ഇത്തരം പരസ്യങ്ങളുടെ നോട്ടിഫിക്കേഷന്‍ ഒഴിവാക്കാം. ഫേസ്ബുക്ക് ലോഗ് ചെയ്ത ശേഷം മറ്റുള്ള ആപ്പുകളുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. സംശയം തോന്നുന്നവ ആപ്പ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യാം. നമ്മുടെ എല്ലാ സ്വകാര്യ നിമിഷങ്ങളും ഫേസ്ബുക്കില്‍ ഇടാതിരിക്കുന്നതാണ് നല്ലത്. ഫോട്ടോ, വീഡിയോ തുടങ്ങിയവ നമുക്ക് തന്നെ പിന്നീട് വിനയായി വന്നേക്കാം.

എല്ലാ സമൂഹ മാധ്യമങ്ങള്‍ക്കും രണ്ട് തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണുള്ളത്. ആപ്പില്‍ തന്നെ ഈ സൗകര്യമുണ്ടാകും. സെക്യൂരിറ്റിയില്‍ ചെന്ന ശേഷം ഈ സൗകര്യം ഓണ്‍ ആക്കിയാല്‍ നമ്മുടെ ഫോണിലേക്ക് ഒരു കോഡ് നമ്പര്‍ വരും. ഓരോ ലോഗിനും ഇതേ രീതിയില്‍ കോഡ് നമ്പര്‍ ലഭിക്കും. ഈ രീതി പിന്തുടര്‍ന്നാല്‍ ആര്‍ക്കും നമ്മുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനാകില്ല. നമ്മുടെ ടൈംലൈന്‍ നമ്മുടെ കൂട്ടുകാര്‍ക്ക് മാത്രം കാണാവുന്ന രീതിയിലാക്കുക. െ്രെപവസി സെറ്റിംഗ്‌സ് വഴി ഇത് ചെയ്യാന്‍ കഴിയും.

ഫേസ്ബുക്ക് പതിവായി ലോഗ് ഇന്‍ ചെയ്യുന്നവരുണ്ട്. പ്രത്യേകിച്ച് മൊബൈല്‍ ഫോണില്‍. ഇത് ഒഴിവാക്കുക. ഏതൊക്കെ ഡിവൈസുകളില്‍ നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ആണെന്ന് പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്. അതിനാല്‍ പരിചയമില്ലാത്ത ഉപകരണങ്ങളില്‍ നിന്നുള്ള സൈന്‍ ഇന്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് സെറ്റിംഗ്‌സിലൂടെ സെക്യൂരിറ്റി ആന്‍ഡ് ലോഗിന്‍ ടാബ് ക്ലിക്ക് ചെയ്ത് നേരെ വലതുഭാഗത്ത് കാണുന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ലോഗ് ഔട്ട് ചെയ്യുക. ഡെസ്‌ക് ടോപ്പ്, ഐ ഒ എസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ അക്കൗണ്ടുകളിലുണ്ടാകുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും പാസ്‌വേഡ് മാറ്റുകയും വേണം. എങ്കില്‍ മാത്രമേ കടന്നുകയറ്റങ്ങളെ ചെറുക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com