Tuesday, April 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: തീരദേശ സമര യാത്രമാറ്റി വച്ചതായി യു.ഡി.എഫ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: തീരദേശ സമര യാത്രമാറ്റി വച്ചതായി യു.ഡി.എഫ്

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏപ്രില്‍ 21 മുതല്‍ 29 വരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച തീരദേശ സമരയാത്ര നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലകളിലും യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. കാസര്‍ഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നും ആരംഭിച്ച് വിഴിഞ്ഞം കടപ്പുറത്ത് സമാപിക്കുന്ന രീതിയിലായിരുന്നു തീരദേശയാത്ര ക്രമീകരിച്ചിരുന്നത്.ഉപതിരഞ്ഞെടുപ്പിന് ശേഷം തീരദേശ സമരയാത്രയുടെ തീയതി നിശ്ചയിക്കും. പത്തുലക്ഷം മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന കടല്‍ മണല്‍ ഖനനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് തീരദേശ സമരയാത്ര പ്രഖ്യാപിച്ചത്.

കേരള സര്‍ക്കാര്‍ കടല്‍ മണല്‍ ഖനനത്തിനെതിരെ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. നിയമസഭയില്‍ പ്രമേയം വന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാടിനു വഴങ്ങിയാണ് പ്രമേയം പാസ്സായതെങ്കിലും കൊല്ലം തീരത്ത് സര്‍വ്വേയ്ക്കു വന്ന കേന്ദ്ര ഖനന മന്ത്രാലയത്തിന് ധനസഹായം നല്‍കി പ്രോത്സാഹിപ്പിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണെന്നും ഹസന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് ഇതര സംസ്ഥാനങ്ങളിലേതുപോലെ ഇന്ധന സബ്‌സിഡി നല്‍കുക, കടലാക്രമണത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക,തീരദേശ ഹൈവേയ്ക്കുവേണ്ടി കുടി ഒഴിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളെ തീരദേശത്ത് തന്നെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ചാണ് തീരദേശ സമരയാത്ര യുഡിഎഫ് പ്രഖ്യാപിച്ചത്.

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. അഴിമുഖത്ത് മണലടിഞ്ഞതിനെ തുടര്‍ന്ന് മീന്‍പിടിത്തം മുടങ്ങി.മത്സ്യബന്ധനത്തിന് ബോട്ടുകള്‍ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഡ്രഡ്ജിംഗ് നടത്തി മണല്‍ നീക്കം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. പ്രശ്‌നപരിഹാരത്തിന് തുറമുഖ മന്ത്രി യോഗം വിളിക്കുകയല്ല വേണ്ടത്. ഡ്രഡ്ജിംഗ് നടത്തി അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഹസന്‍ പറഞ്ഞു.

മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ വഖഫ് ഭേദഗതി ബില്ലിലൂടെ സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയിലൂടെ മുനമ്പത്തെ മത്സ്യത്തൊഴിലാളികളെ കേന്ദ്രസര്‍ക്കാരും ബിജെപിയും വഞ്ചിക്കുകയായിരുന്നു. മുനമ്പം വിഷയവും വഖഫ് ബില്ലും തമ്മില്‍ കടലും കടലാടിയും പോലെയാണ്. ഇവതമ്മില്‍ ഒരു ബന്ധവുമില്ല.വഖഫ് ഭേദഗതി ബില്ലിന് മുന്‍കാല പ്രാബല്യമില്ലാത്തതിനാല്‍ മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമല്ലെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയതാണ്. എന്നിട്ടും തെറ്റായ പ്രചരണം നടത്തി മുസ്സീങ്ങളെയും ക്രൈസ്തവരെയും തമ്മിലടിപ്പിച്ച് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് ബിജെപി ശ്രമിച്ചത്. സംസ്ഥാന സര്‍ക്കാരും ഈ വിഷയത്തില്‍ ഒളിച്ച് കളി നടത്തുകയാണ്. ട്രൈബൂണലില്‍ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന സമയത്താണ് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡും ഹൈക്കോടതിയെ സമീപിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ബോധ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിന് തുനിഞ്ഞില്ല. സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ വേഗത്തില്‍ പരിഹരിക്കാവുന്ന വിഷയമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓരേ തൂവല്‍ പക്ഷികളാണ്. ബിജെപിയുടെ രാഷ്ട്രീയ മുതലടെപ്പിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഹസന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com