കണ്ണൂർ : കൂത്തുപറമ്പിൽ സിപിഎമ്മുകാർ കൊലപ്പെടുത്തിയ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കാൽമുട്ടിലെ മുറിവ് ബോംബേറിൽ ഉണ്ടായതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൻസൂറിന് ഇടതു കാൽമുട്ടിന് താഴെയായാണ് ഗുരുതര പരിക്കുള്ളത്. ബോംബ് സ്ഫോടനത്തിൽ കാൽ ചിതറിപ്പോയി. പരിക്ക് ഗുരുതരമായതു കൊണ്ടുതന്നെ വലിയ തോതിൽ രക്തം വാർന്നു. ഇതാണ് മരണകാരണമായതെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
വോട്ടെടുപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൻസൂറിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. സിപിഎമ്മുകാരുടെ ആക്രമണത്തിൽ മൻസൂറിന്റെ സഹോദരൻ മുഹ്സിനും പരിക്കേറ്റിട്ടുണ്ട്. മുഹ്സിൻ ചികിത്സയിലാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്‍സൂറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊലയിൽ പതിനൊന്നിലധികം പേര്‍ക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു.