ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിൽ ഏർപ്പെടില്ലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അവകാശപ്പെട്ടതിന് പിന്നാലെ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.യു.എസുമായുള്ള നിർദിഷ്ട വ്യാപാര കരാർ പൂർണമായും അന്തിമമാക്കിയാൽ മാത്രമേ ഇന്ത്യ അംഗീകരിക്കുകയുള്ളൂവെന്നും ദേശീയ താൽപര്യം മുൻനിർത്തിയാണെന്നും ഗോയൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ‘പിയൂഷ് ഗോയലിന് എത്ര വേണമെങ്കിലും നെഞ്ചത്തടിക്കാം. എന്നാൽ, ഞാൻ പറയുന്നു ട്രംപിന്റെ താരിഫ് സമയപരിധിക്ക് മോദി സൗമ്യമായി വഴങ്ങും’ ഗാന്ധി ‘എക്‌സി’ലെ ഒരു പോസ്റ്റിൽ കുറ്റപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കുനേരെ മൗനം പാലിക്കുകയും എതിർക്കാതിരിക്കുകയും ചെയ്തതിന് പ്രധാനമന്ത്രിയെ കോൺഗ്രസ് ആക്രമിച്ചുവരികയാണ്.ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കുമേൽ അധിക തീരുവ ചുമത്താൻ ട്രംപ് ഭരണകൂടം തീരുമാനമെടുത്തതിനു പിന്നാലെ തിരിച്ചടിയെന്ന നിലയിൽ യു.എസ് ഉൽപന്നങ്ങൾക്ക് പകര തീരുവ ചുമത്താൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇത് പുതിയൊരു വ്യാപാര യുദ്ധത്തിന് തിരികൊളുത്തുമെന്ന സൂചന നൽകി.
ഇരുവിഭാഗത്തിനും ഗുണം ചെയ്യുകയും വിജയകരമായ ഒരു കരാർ ഉൾപ്പെടുത്തുകയും ചെയ്യുമ്പോൾ മാത്രമേ സ്വതന്ത്ര വ്യാപാര കരാറുകൾ സാധ്യമാകൂ എന്ന് യു.എസുമായുള്ള നിർദിഷ്ട ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് ചോദിച്ചപ്പോൾ ഗോയൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ദേശീയ താൽപര്യം എപ്പോഴും പരമപ്രധാനമായിരിക്കണം. അത് മനസ്സിൽ വെച്ചുകൊണ്ട് ഒരു കരാർ ഉണ്ടാക്കിയാൽ, വികസിത രാജ്യങ്ങളുമായി ഇടപെടാൻ ഇന്ത്യ എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമമാക്കാൻ ട്രംപ് ജൂലൈ 9 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.