മുംബൈ: നാല് വയസുള്ള മകളോട് മമ്മ ഇനി വരില്ലെന്നും അര്‍ബുദത്തിന് കീഴടങ്ങി മരിച്ചു എന്നും പറയാന്‍ കഴിയാതെ ഒരു അച്ഛന്‍. അമ്മ ഇനി ഇല്ലെന്ന സത്യം പറഞ്ഞ് വേദനിപ്പിക്കാന്‍ ആ അച്ഛന് ആകുന്നില്ല. ഈ സാഹചര്യത്തില്‍ കൂടി കടന്ന് പോകുന്ന ഒരു പിതാവിന്റെ കുറിപ്പാണ് ഇപ്പോള്‍ ഹ്യൂമന്‍ ഓഫ് ബോംബെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

ഹ്യൂമന്‍ ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെ…

കഴിഞ്ഞ മാസം എന്റെ ജന്മദിനത്തിന് എന്റെ ഭാര്യ എന്നോട് അവസാനമായി ഒന്ന് പുറത്തുകൊണ്ടുപോകാന്‍ പറഞ്ഞു. ഞങ്ങള്‍ ചുറ്റിനടന്നു, അവളുടെ പ്രിയപ്പെട്ട റെസ്‌റ്റോറന്റില്‍ പോയി സാന്‍ഡ്‌വിച്ചും ഇഡ്‌ലലിയും കഴിച്ചു. അര്‍ബുദത്തിന്റെ അവസാന സ്‌റ്റേജിലായിരുന്ന അവള്‍ ഗ്ലൂക്കോസ് ഡ്രിപ്പിട്ടിരുന്നു. കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള്‍ പറഞ്ഞത് നിങ്ങള്‍ മറ്റൊരു വിവാഹം ചെയ്യണമെന്നും സോയിക്ക് ഒരു അമ്മ വേണമെന്നുമാണ്. പക്ഷേ ഞാനത് വിസമ്മതിച്ചു. നിന്റെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാന്‍ പോലും എനിക്കാകില്ല എന്ന് ഞാന്‍ പറഞ്ഞു. അത് കേള്‍ക്കാത്ത ഭാവത്തില്‍ മുന്നോട്ട് പോയ അവള്‍ നിങ്ങള്‍ എത്രമാത്രം തിരക്കിലാണെങ്കിലും നമ്മുടെ മകള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത് എന്ന് പറഞ്ഞു.
രണ്ടാഴ്ചയ്ക്ക് ശേഷം അവള്‍ മരണത്തിന് കീഴടങ്ങി. പക്ഷേ ജീവിതം മുന്നോട്ട് പോകാനുള്ള പ്രേരണ അവള്‍ എനിക്ക് നല്‍കിയിരുന്നു. മകള്‍ സോയി. സംസ്‌കാര ചടങ്ങുകള്‍ക്ക് ഒരു മണിക്കൂറിന് ശേഷം ഞാന്‍ സോയിയുമായി പാര്‍ക്കിലേക്ക് പോയി. അവള്‍ എന്നെ കണ്ടപ്പോള്‍ ഓടിവന്ന് മുറുകെ കെട്ടിപ്പിടിച്ചു. എനിക്ക് അത് വലിയ ആശ്വാസമായിരുന്നു. അവള്‍ അമ്മയെ അതിന് മുമ്പ് കാണുന്നത് ഒരു മാസം മുന്‍പാണ്. അവള്‍ മുത്തശ്ശിക്കൊപ്പം ആയിരുന്നു.
അന്നവള്‍ ഒരുപാട് കരഞ്ഞു. പക്ഷേ ഇപ്പോള്‍ അമ്മയില്ലാത്ത അവസ്ഥയോട് അവള്‍ പൊരുത്തപ്പെട്ടിരിക്കുന്നു. അടുത്ത ദിവസം മുതല്‍ സോയിയുടെ എല്ലാ ചുമതലകളും ഞാന്‍ ഏറ്റെടുത്തു. ഭക്ഷണം കൊടുക്കുന്നതും മുടി കെട്ടുന്നതുമെല്ലാം. അവളുടെ മുടി കഴുകി കൊടുത്തിരുന്നത് അമ്മയാണ്. അത് മാത്രം അവള്‍ എന്നെക്കൊണ്ട് ചെയ്യിക്കാന്‍ വിസമ്മതിച്ചു. ഒരുമാസത്തേക്ക് മുടി കഴുകിയില്ല. ഞാനവള്‍ക്ക് പാട്ട് പാടികൊടുത്തും കളിപ്പാട്ടങ്ങള്‍ കാണിച്ചും ശ്രദ്ധ തിരിച്ചു. അങ്ങനെയാണ് തല കുളിപ്പിച്ചത്.
രാത്രിയില്‍ കഥകള്‍ പറഞ്ഞുകൊടുത്തും 100 മുതല്‍ പിന്നോട്ട് എണ്ണാന്‍ പറഞ്ഞുമൊക്കെയാണ് ഉറക്കിയിരുന്നത്. ചിലപ്പോള്‍, സോയി അര്‍ധരാത്രിയില്‍ ഉറക്കമുണരും. എന്നെ ചുറ്റും കണ്ടില്ലെങ്കില്‍, അവള്‍ കരയാന്‍ തുടങ്ങും. ഞാന്‍ പകല്‍ മുഴുവന്‍ സോയിയോടൊപ്പമുണ്ടാകും. അതിനാല്‍ രാത്രിയിലാണ് ജോലി ചെയ്യുക. അവള്‍ എപ്പോഴെങ്കിലും ഉണര്‍ന്നാല്‍ എന്റെ ക്ലയന്റ് കോള്‍ താല്‍ക്കാലികമായി നിര്‍ത്തി അവള്‍ക്കരികിലേക്ക് ഓടും. ഞങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞ് പാര്‍ക്കില്‍ പോയി. അപ്പോള്‍ സോയി ഒരു പൂച്ചയെ കണ്ടു, ‘നോക്കൂ പപ്പാ, ആ പൂച്ചയ്ക്ക് മമ്മയെ നഷ്ടപ്പെട്ടു.’ അവള്‍ പറഞ്ഞു. ഞാനാകെ സ്തംഭിച്ചുപോയി. സോയി അവളുടെ അമ്മയെ മറന്നുവെന്നാണ് !ഞാന്‍ കരുതിയത്. പക്ഷേ അമ്മ എവിടെ എന്ന ഉത്തരം അവള്‍ തേടുകയാണെന്ന് മനസ്സിലായി.
പിന്നീട് അവള്‍ പപ്പാ മമ്മയെ കണ്ടോ എന്ന് ചോദിക്കും. ഞാന്‍ കണ്ടില്ല എന്ന് പറഞ്ഞപ്പോള്‍ അമ്മ ഒളിച്ചിരിക്കുകയാണെന്ന് അവള്‍ പറഞ്ഞു. അവള്‍ സ്വയം സമാധാനപ്പെടുത്തുന്നതു പോലെ തോന്നി. അമ്മയെ എന്റെ മകള്‍ക്ക് നന്നായി മിസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷേ സത്യം പറയാന്‍ ഉള്ള ശക്തി എനിക്കില്ലായിരുന്നു. സോയിക്ക് വെറും 4 വയസ് മാത്രമല്ലേയുള്ളൂ. ഞാന്‍ അവളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഡോക്ടര്‍–ഡോക്ടര്‍ കളിച്ചു. പട്ടം പറത്താന്‍ പഠിപ്പിച്ചു. പതുക്കെ അവള്‍ മമ്മയെ അന്വേഷിക്കുന്നത് നിര്‍ത്തി. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അവളുടെ സുഹൃത്ത് അമ്മ എവിടെ എന്ന് ചോദിച്ചപ്പോള്‍ മമ്മ ഷോപ്പിങ്ങിന് പോയി എന്നാണ് സോയി പറഞ്ഞത്. അന്ന് ഞാന്‍ ശരിക്കും നിസ്സഹായനായി. കരഞ്ഞുകൊണ്ടാണ് അന്ന് രാത്രി ഉറങ്ങിയത്.
ഒരിക്കല്‍ അവളോട് സത്യം തുറന്നു പറയണം എന്ന് എനിക്കറിയാം. പക്ഷേ ഇപ്പോള്‍ അവളുടെ ഹൃദയം തകര്‍ക്കാന്‍ എനിക്കാകില്ല. അവള്‍ അത്രമാത്രം കുഞ്ഞാണ്. കുറച്ചുകൂടി മുതിര്‍ന്ന് കഴിഞ്ഞാല്‍ ഉറപ്പായും അവളുടെ അമ്മയെക്കുറിച്ച് ഞാന്‍ സംസാരിക്കും. അമ്മ ഒരു പോരാളിയായിരുന്നുവെന്നും സോയിയെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്നും പറയും…ഓരോ തവണയും അവള്‍ പുഞ്ചിരിക്കുമ്പോള്‍ അവള്‍ മമ്മയെപ്പോലെയാണ്.