ശരീരത്തില്‍ ഒരു പാതിയില്‍ ആണും മറു പാതിയില്‍ പെണ്ണുമായി ഒന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം ‘ അര്‍ദ്ധനാരീശ്വര സ്വഭാവമുള്ള’ ഒരു പക്ഷിയെ കണ്ടെത്തിയതിന്റെ അത്ഭുതത്തിലാണ് ബയോളജിസ്റ്റുകള്‍. യു.എസിലെ പവര്‍മില്‍ നേച്ചര്‍ റിസര്‍വിലെ കാര്‍നെഗി മ്യൂസിയം ഒഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ‘റോസ് ബ്രെസ്റ്റഡ് ഗ്രോസ്ബീക്ക്’ എന്നാണ് ഈ പക്ഷിയുടെ പേര്.സാധാരണയായി ഈ വിഭാഗത്തില്‍പ്പെട്ട ആണ്‍ പക്ഷികളുടെ ചിറകിന്റെ ഉള്‍ഭാഗത്ത് പിങ്ക് നിറവും പെണ്‍ പക്ഷികള്‍ക്ക് ഓറഞ്ച് നിറവുമാണ് കാണുന്നത് എങ്കിലും ഈ പക്ഷിയുടെ ശരീരത്തിന്റെ പാതി പിങ്കും മറുപാതി ഓറഞ്ചുമാണ്.

ഇതിനെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ‘ബൈലാറ്ററല്‍ ഗൈനാന്‍ഡ്രോമോര്‍ഫിസം എന്ന പ്രത്യേക ജനിതക വ്യതിയാനമാണ്’ ആണും പെണ്ണും ചേര്‍ന്ന പക്ഷിയുടലിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. കണ്ടെത്തിയ പക്ഷിക്ക് ഏകദേശം ഒരു വയസാണുള്ളത്. ജനനത്തിന് മുന്പ് തന്നെ പക്ഷികളുടെ മുട്ടയിലുണ്ടാകുന്ന ജനിതക മാറ്റമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്.

മുട്ടയില്‍ വെച്ച് പുരുഷസ്ത്രീ കോശങ്ങള്‍ ഒരുമിച്ച് ഒരു ഭ്രൂണത്തിന് രൂപം നല്‍കുന്നതാണിത്. നിലവില്‍ പക്ഷിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച തൂവല്‍ ഉപയോഗിച്ച് ഈ ജനിതക മാറ്റം എങ്ങിനെയാണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന് കാര്‍നെഗി മ്യൂസിയം ഒഫ് നാച്ചുറല്‍ പ്രോഗ്രാം മാനേജര്‍ ലിന്‍ഡ്‌സെ അറിയിച്ചു.
ലോകത്തില്‍ തന്നെ പത്ത് ലക്ഷത്തില്‍ ഒന്ന് എന്ന നിലയ്ക്കാണ് ഇത്തരത്തിലുള്ള പക്ഷികളെ കാണാറുള്ളത്. ലോകത്തില്‍ ഇതേവരെ ഇത്തരത്തിലുള്ള അഞ്ച് പക്ഷികളെ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വാഭാവികമായിപക്ഷിയുടെ ഇണ ചേരാനുള്ള കഴിവിനെ ഗൈനാന്‍ഡ്രോമോര്‍ഫിസം ബാധിക്കും. അതുകൊണ്ടുതന്നെ ഇവയ്ക്ക് അണ്ഡാശയം ഉണ്ടോയെന്ന് അറിയില്ല.