THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, March 27, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Viral നൊന്തുപ്രസവിക്കുന്ന 'ഇമോഷണല്‍ ബ്ലാക്ക്‌മെയിലിംഗ്' ഇല്ലാതാകും; സുഖ പ്രസവത്തിന് 'എപ്പിഡ്യൂറല്‍'

നൊന്തുപ്രസവിക്കുന്ന ‘ഇമോഷണല്‍ ബ്ലാക്ക്‌മെയിലിംഗ്’ ഇല്ലാതാകും; സുഖ പ്രസവത്തിന് ‘എപ്പിഡ്യൂറല്‍’

“നിന്നെ ഞാന്‍ നൊന്തുപെറ്റതാണ്…” എന്ന് ഇമോഷണല്‍ ബ്ലാക്ക്‌മെയിലിംഗ് ഒക്കെ വൈകാതെ ഇല്ലാതാകും. വേദനയില്ലാത്ത യാഥാര്‍ത്ഥ സുഖപ്രസവത്തിന്റെ കാലമാണിനി. നിങ്ങള്‍ക്കും ‘സുഖ’മായി തന്നെ പ്രസവിക്കാം. എങ്ങനെയെന്ന് അറിയണ്ടേ..? ഡോ.മനോജ് വെള്ളനാട് പങ്കുവച്ച ബിജിലി പി ജേക്കബ് ന്റെ ഫേസ്ബുക്‌പോസ്റ്റ്.

adpost

ബിജിലി പി ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്:
നോവാതെ പെറ്റവള്‍ അഥവാ ഒരു എപ്പിഡ്യൂറല്‍ പ്രസവകഥ

adpost

‘പിന്നേ. ഒരെപ്പിഡ്യൂറല്.. പറയുന്ന കേട്ടാത്തോന്നും ഇവിടെ വേറേ ആരും പ്രസവിച്ചിട്ടില്ലെന്ന് ‘

‘എപ്പിഡ്യൂറലോ, അതെന്താ?’

‘വേദന ഇല്ലാതെ പ്രസവിക്കാം പോലും…. ഇങ്ങനെ ‘ആവശ്യമില്ലാത്ത’ ഒരോന്നൊക്കെ ചെയ്യാന്‍ പോയാപ്പിന്നെ ആയുസ്സില് നടുവേദന മാറും ന്ന് വിചാരിക്കണ്ട..’

ഏതാണ്ടിങ്ങനെയാണ് എപ്പിഡ്യൂറലിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്.

എപ്പിഡ്യൂറലിനെപ്പറ്റി അങ്ങനെ നല്ലതൊന്നും കേട്ടിട്ടില്ലാത്തത് കൊണ്ടാവാം, എന്റെ തന്നുവിനെ പ്രസവിക്കുന്നതിന് മുന്‍പ്

‘എപ്പിഡ്യൂറല്‍ വേണോ??’

എന്നുള്ള ചോദ്യത്തിന്

‘വേണ്ടാ….’ എന്ന് ഒന്നും ആലോചിക്കാതെ മറുപടി പറഞ്ഞത്. ഒറ്റയടിക്ക് അങ്ങനെ പറഞ്ഞെങ്കിലും ലേബര്‍ റൂമില്‍ കേറുന്നത് വരേയുള്ള സമയം എപ്പിഡ്യൂറല്‍ വേണോ വേണ്ടയോ എന്നുള്ള കണ്‍ഫ്യൂഷന്‍. പലരേയും വിളിച്ചു ചോദിച്ചു.. പല പല അഭിപ്രായങ്ങള്‍.. ഒരു തീരുമാനം എടുക്കാന്‍ പറ്റിയില്ല. അവസാനം, ഓര്‍മ്മവെച്ച കാലം മുതല്‍ കേള്‍ക്കുന്ന ഈ പ്രസവവേദന എന്താന്ന് അറിയുകേം കൂടി ചെയ്യാല്ലോന്ന് കരുതി എപ്പിഡ്യൂറല്‍ വേണ്ട എന്ന് തീരുമാനിച്ചു.

‘വിനാശകാലേ വിപരീത ബുദ്ധി’

വേദന തുടങ്ങി.. ലേബര്‍ റൂമില്‍ കേറി… കൃത്യമായ ഇടവേളകളില്‍ വന്നു പോകുന്ന വേദന… ആദ്യമൊക്കെ ഇടവേള കൂടുതലും വേദന കുറവും… പിന്നെ പിന്നെ ഇടവേള കുറഞ്ഞു കുറഞ്ഞു വന്നു.. വേദന കൂടിക്കൂടിയും…. ആദ്യമൊക്കെ നെറ്റിചുളിച്ചു ഞെളിപിരി കൊണ്ടു… പിന്നെ പതുക്കെ കരയാന്‍ തുടങ്ങി… പിന്നെ ഡീസന്റായിട്ട് ഉറക്കെക്കരഞ്ഞു… അവസാനം ഒട്ടും ഡീസന്റല്ലാതെ അലറിക്കൂവിക്കാറി.. പലവട്ടം ഛര്‍ദ്ദിച്ചു.. ഇതിനിടയ്‌ക്കെപ്പഴോ സെഡേഷനും കിട്ടി.. പിന്നെ കാറാത്ത സമയത്ത് മയങ്ങി.. അങ്ങനെ എട്ടൊന്‍പത് മണിക്കൂര്‍ നേരത്തേ പരാക്രമങ്ങള്‍ക്കൊടുവില്‍ എങ്ങനൊക്കെയോ അവള്‍ പുറത്തെത്തി… ആ സമയത്ത് ഒന്ന് കണ്ണു തുറന്നു പിടിച്ച് അവളെ കാണാനുള്ള ബോധമോ ആരോഗ്യമോ പോലും എനിക്ക് ഉണ്ടായിരുന്നില്ല.. അര്‍ദ്ധബോധാവസ്ഥയില്‍, ഒരു കുഞ്ഞിക്കരച്ചിലും ‘പെണ്‍കൊച്ച് ‘ എന്നൊരു ശബ്ദവും കേട്ടു. അങ്ങനെയായിരുന്നു ആദ്യ പ്രസവം.

‘ഇനി മേലില്‍ ഈ പരിപാടിക്ക് ഇല്ല’ന്ന് തീരുമാനിച്ചിട്ടാണ് അന്ന് ലേബര്‍ റൂം വിട്ടത്…

തന്നുവിന് മൂന്ന് വയസൊക്കെ ആയപ്പോഴാണ് അവള്‍ക്കൊരു കൂട്ടു കൂടി ആയാലോ…. ലോ… ന്ന് ഒരു ആലോചന.. പേറ്റുനോവിന്റെ ‘സുഖം’ എന്താണെന്ന് ഒരു വട്ടം അറിഞ്ഞത് മതിയായ സ്ഥിതിതിക്ക് ഈ പ്രാവശ്യം അത്രയ്ക്ക് ‘സുഖം’ ഇല്ലാതെ പ്രസവിച്ചാല്‍ എങ്ങനെയുണ്ടാവും ന്ന് അറിയാന്‍ തീരുമാനിച്ചു.. എനിക്ക് നേരിട്ട് അറിയാവുന്ന അനസ്‌തേഷ്യോളജിസ്റ്റും സുഹൃത്തുമായ Pallavi യോട് നേരത്തേ തന്നേ വിളിച്ച് ഉപദേശമാരാഞ്ഞു. എന്റെ മണ്ടന്‍ സംശയങ്ങളൊക്കെ പുച്ഛിച്ച് തള്ളാതെ വിശദമായിട്ട് ഉത്തരം തന്നു. എന്തായാലും എപ്പിഡ്യൂറല്‍ ഓപ്റ്റ് ചെയ്യൂ എന്ന് പ്രോത്സാഹിപ്പിച്ചു. എന്തെങ്കിലും കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ പഞ്ചായത്ത് മുഴുവന്‍ അഭിപ്രായ സര്‍വ്വേ നടത്താതെ ഫീല്‍ഡ് എക്‌സ്‌പേര്‍ട്ട്‌സിനോട് ചോദിക്കണം എന്ന് അന്നു പഠിച്ച പാഠം.

അങ്ങനെ ആ സുദിനം വന്നെത്തി. ഹോസ്പിറ്റലില്‍ എത്തി.. വേദന വരാന്‍ മരുന്നൊക്കെ വച്ചിട്ട് കറങ്ങി നടന്നപ്പോ ദേ ഒരു അനൗണ്‍സ്‌മെന്റ്

‘എപ്പിഡ്യൂറല്‍ ബോധവത്കരണ സെമിനാര്‍ നടക്കുന്നു. ഗര്‍ഭിണികള്‍, ബൈസ്റ്റാന്‍ഡേഴ്‌സ് മുതലായവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇനിയിപ്പോ ഗര്‍ഭിണികള്‍ പങ്കെടുത്തില്ലെങ്കിലും ബൈ സ്റ്റാന്‍ഡേഴ്‌സ് കൃത്യമായും പങ്കെടുക്കുക’. അതല്ലെങ്കിലും അങ്ങനെയാണല്ലോ. പെണ്ണിന്റെ കാര്യം വരുമ്പോ ഏത് ഡ്രസ് ഇടണം എന്നു തുടങ്ങി വേദനിച്ച് പ്രസവിക്കണോ വേദനിക്കാതെ പ്രസവിക്കണോ എന്ന് പോലും സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം ഇല്ലല്ലോ. അപ്പോപ്പിന്നെ ബൈസ്റ്റാന്റേഴ്‌സിനെ ആദ്യം ബോധവല്‍ക്കരിക്കണമല്ലോ.. ഞാനെന്തായാലും സ്വന്തമായി ബോധവത്കരിക്കപ്പെടാന്‍ തന്നെ തീരുമാനിച്ചു. ക്ലാസ് കഴിഞ്ഞപ്പോഴേയ്ക്കും പതിയെ വേദനയും തുടങ്ങിയിരുന്നു.

നേരേ ലേബര്‍റൂമില്‍ പോയി ‘എപ്പിഡ്യൂറല്‍ എപ്പക്കിട്ടും??’ എന്നന്വേഷിച്ചു. ചെക്കപ്പിന് ശേഷം ‘ആയിട്ടില്ല മാത്താ’ പോയി ഒന്നൂടെ ഉഷാറായി നടന്നിട്ട് ഇത്തിരിക്കൂടെ വേദനയാവുമ്പോ വാ എന്ന് മറുപടി കിട്ടി.

തിരിച്ച് മുറിയില്‍ വന്നു.. വരാന്തേല്‍ കൂടി തെക്ക് വടക്ക് ഉലാത്തി.. ഇത്തിരി ഭക്ഷണമൊക്കെ കഴിച്ച്, തന്നൂന്ന് രണ്ട് കഥയൊക്കെ പറഞ്ഞ് കൊടുത്തിട്ട്, ഒരു ചക്രക്കസേരയില്‍ ഇരുന്ന് വീണ്ടും ലേബര്‍ റൂമിലേയ്ക്ക് പുറപ്പെട്ടു. െ്രെപവറ്റ് ലേബര്‍ റൂം എടുത്തിരുന്നത് കൊണ്ട് കെട്ട്യോനും പിന്നാലെ അങ്ങോട്ട് ആനയിക്കപ്പെട്ടു. അഞങ ഒക്കെ ചെയ്ത് കഴിഞ്ഞ് രണ്ട് വേദനയൊക്കെക്കഴിഞ്ഞ് കരച്ചിലൊക്കെ പാസാക്കി ഇരിന്നപ്പോഴേയ്ക്ക് മയക്ക് ഡോക്ടറും വന്നു. പിന്നെ കാര്യങ്ങളെല്ലാം ശടപടേ ശടപടേന്നാരുന്നു. രണ്ട് സിസ്റ്റര്‍മാര്‍ എന്നെ പിടിച്ച് എങ്ങനെയോ ഇരുത്തി പുറത്ത് എന്തൊക്കെയോ ചെയ്ത് ഇത്തിരി കഴിഞ്ഞപ്പോ ഒരു സൂചി കുത്തുന്ന വേദന.. കുറച്ച് കഴിഞ്ഞ് എന്നെ കട്ടിലേല്‍ ചാരിവെച്ചു. അടുത്തു വന്ന രണ്ട് വേദനയ്ക്ക് കാര്യമായ വ്യത്യാസം ഒന്നും തോന്നിയില്ല… ‘ഇത് എനിക്കങ്ങ്ട് ഏറ്റില്ലേ ആവോ??’ ന്ന് വിചാരിച്ചിരിന്നപ്പോ പിന്നെ വന്ന വേദനയ്ക്ക് ഒരു കുറവ് പോലെ..

പിന്നെ പതിയെ ഒരു 20 മിനിട്ടൊക്കെ കൊണ്ട് ഒട്ടും വേദന അറിയാതായി. ഞാനെന്നെത്തന്നെ ഒന്ന് നുള്ളി നോക്കി .. ആഹഹ സംഗതി സത്യമാ… വേദന ഇല്ലാതായിരിക്കുന്നു. ഞാനൊരു ദീര്‍ഘനിശ്വാസം ഒക്കെ വിട്ട് നീണ്ടു നിവര്‍ന്ന് കിടന്നു. ‘ഒരു അരമണിക്കൂര്‍ മുമ്പേ പുറപ്പെടാമായിരുന്നില്ലേ?’ എന്ന് ഡോക്ടറോട് കുശലം ചോദിച്ചു… അത്രേം നേരം എന്റെ വേദനകള്‍ക്ക് കൂട്ടിരുന്ന ജീന സിസ്റ്ററിനോട് കൊച്ചുവര്‍ത്താനം പറഞ്ഞു. പിന്നെ കുറച്ചു നേരം സുഖമായിട്ട് കിടന്നുറങ്ങി. ഇടയ്ക്കിടയ്ക്ക് അപ്പുറത്ത് നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന കരച്ചിലുകളോട് എമ്പതെറ്റിക് ആയി.. എപ്പോഴോ കണ്ണുതുറന്നപ്പോ, അടുത്തിരുന്ന് മൊബൈലില്‍ കുത്തുന്ന കെട്ട്യോനോട് ‘നിങ്ങളിവിടെ വന്നിരുന്നും തോണ്ടുവാണോ മന്‍ഷ്യാ’ എന്ന് കൊഞ്ഞനം കുത്താനും മറന്നില്ല.

അങ്ങനെ ഒരു അഞ്ചാറ് മണിക്കൂറ് കഴിഞ്ഞു… എപ്പിഡ്യൂറല്‍ എടുത്തില്ലാരുന്നെങ്കില്‍ ഇത്രേം നേരോം വേദനകൊണ്ട് പുളഞ്ഞ് കരയണ്ട സമയമായിരുന്നല്ലോന്ന് ആലോചിച്ചപ്പോ ഞെട്ടലും ആശ്വാസവും ഒരുമിച്ച് ഉണ്ടായി.

‘എന്നാപ്പിന്നെ പതിയെ പുറപ്പെട്ടേക്കാം’ എന്ന് അകത്ത് കെടന്നവന്‍ തീരുമാനിച്ച സമയം.. മരുന്നിന്റെ ഡോസ് കുറച്ചിട്ടത് കൊണ്ടാവാം, അത്യാവശ്യം വേദനയൊക്കെ അറിയാന്‍ തുടങ്ങി.. എന്റെ ഗൈനക്കോളജിസ്റ്റ് മിനി മാഡവും സിസ്‌റ്റേഴ്‌സും ചുറ്റും നിരന്നു. കണ്ണന്‍ ഗെറ്റൗട്ട് അടിക്കപ്പെട്ടു. ഇത്തവണ എപ്പിഡ്യൂറല്‍ ഇട്ടത് കൊണ്ട് തന്നെ ഞാന്‍ കരഞ്ഞു തളര്‍ന്ന അവസ്ഥയില്‍ അല്ല. നല്ല ബോധത്തിലും ആണ്. ചുറ്റും നിക്കുന്നവരുടെ മുഖത്തെ ഉത്കണ്ഠ മനസിലാക്കാന്‍ പറ്റുന്നുണ്ട്. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ പറ്റുന്നുണ്ട്. അവസാനം അവന്‍ ഡോക്ടറുടെ കൈയ്യിലേയ്ക്ക് പിറന്ന് വീണ നിമിഷം തന്നെ അവനെ കണ്ണു നിറച്ച് കാണാനും സാധിച്ചു എന്നതാണ് ഏറ്റവും സന്തോഷിപ്പിച്ച കാര്യം. (തന്നു ഉണ്ടായപ്പോ ഈ ഒരു മനോഹര നിമിഷം നഷ്ടപ്പെടുത്തിയല്ലോന്ന് കുണ്ഠിതപ്പെട്ടു.) സിസ്‌റ്റേഴ്‌സിനെ ആശ്വാസത്തോടെ നന്ദിപൂര്‍വം ചിരിച്ചു കാണിച്ചു. അവന് വെയ്റ്റ് എത്രയുണ്ടെന്ന് അന്വേഷിച്ചു. എപ്പിഡ്യൂറല്‍ ഒരു സൂപ്പര്‍ സംഭവം തന്നെ എന്ന് അങ്ങനെ മനസിലായി.

നടുവിന് ഒരു സൂചി കുത്തി അതില്‍ കൂടി ഒരു കുഞ്ഞി ട്യൂബ് കയറ്റി സെറ്റപ്പാക്കി വെച്ച ശേഷം ആ സൂചി ഊരിമാറ്റി, ട്യൂബില്‍ കൂടി നിയന്ത്രിതമായി മരുന്നു കയറ്റി വേദന അറിയാതാക്കുന്ന പരിപാടിയാണ് എപ്പിഡ്യൂറല്‍ അനാള്‍ജസിയ ഫോര്‍ ലേബര്‍. പ്രസവം കഴിയുന്നതോടെ ട്യൂബ് ഊരിയെടുക്കും. അതോടുകൂടി നടുവും എപ്പിഡ്യൂറലും ആയിട്ടുള്ള ബന്ധം കഴിഞ്ഞു. അല്ലാതെ ആജീവനാന്തം അവിടിരുന്നു നടുവ് വേദനിപ്പിക്കുക, തലവേദനിപ്പിക്കുക തുടങ്ങിയ പണിയൊന്നും എപ്പിഡ്യൂറല്‍ ചെയ്യില്ല. അല്ലെങ്കില്‍ തന്നെ എത്രയോ പുരുഷന്‍മാര്‍ക്ക് നടുവേദന വരുന്നു. അവരൊക്കെ എപ്പിഡ്യൂറല്‍ ഇട്ട് പ്രസവിച്ചത് കൊണ്ടാണോ??

അതുകൊണ്ട് ഡിയര്‍ ലേഡീസ് ആന്റ് ജെന്റില്‍മെന്‍…

‘പ്രസവവേദനയുടെ സുഖം… അനുഭൂതി… കൊച്ചിന്റെ മുഖം കാണുമ്പോ വേദനയൊക്കെയങ്ങ് മറന്നോളും…’ എന്നൊക്കെ പറയുന്നവരോട്, ‘പറ്റിക്കാനായിട്ടാണേലും ഇങ്ങനൊന്നും പറയരുത്’ എന്നേ എനിക്ക് പറയാനുള്ളൂ… തന്നുവിനെ പ്രസവിച്ചിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും, ലേബര്‍ റൂമില്‍ എന്റെ അടുത്ത കട്ടിലുകളില്‍ കിടന്ന് പ്രസവിച്ചവരുടെ വേദന പോലും മറക്കാന്‍ എന്നേക്കൊണ്ട് ഇതുവരെ പറ്റിയിട്ടില്ല.

പെണ്ണിന്റെ ത്യാഗത്തേയും സഹനത്തേയും പ്രസവവേദനയുടെ തീവ്രതയേയും ഒക്കെപ്പറ്റി ഘോരഘോരം പ്രസംഗിച്ചത് കൊണ്ട് മാത്രം എന്ത് കാര്യം?? സഹനവും വേദനയുടെ തീവ്രതയും ഒക്കെ കുറയ്ക്കാന്‍ ഓരോരോ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കപ്പെടുമ്പോള്‍ അതൊക്കെ ഉപയോഗപ്പെടുത്താന്‍ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും,

‘വേണ്ടാത്ത ഓരോ പണിക്കൊക്കെ പോയിട്ട് എന്തേലും പറ്റിയാല്‍ സ്വന്തമായിട്ടനുഭവിച്ചോണം’

മുതലായ ‘പ്രയോഗ’ങ്ങള്‍ കൊണ്ട് നിരുത്സപ്പെടുത്താതിരിക്കുകയേലും ചെയ്യാമല്ലോ. ‘ഞാന്‍ അനുഭവിച്ചതല്ലേ … പിന്നെ നിനക്കനുഭവിച്ചാല്‍ എന്താ…??’ എന്നുള്ള മുരട്ട് വാദങ്ങള്‍ക്ക് പകരം ‘നീയെങ്കിലും രക്ഷപെട്ടല്ലോ’ എന്ന് ആശ്വസിക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ നല്ലത്??

ഇനിയങ്ങോട്ടുള്ള കാലമെങ്കിലും വേദനരഹിത പ്രസവങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കട്ടെ എന്നും അങ്ങനെ സുഖപ്രസവങ്ങള്‍ ശരിക്കും ‘സുഖപ്രസവങ്ങള്‍’ ആകട്ടെ എന്നും പ്രത്യാശിക്കുന്നു.

NB 2019ല്‍ എപ്പിഡ്യൂറലിന് വേണ്ടി അധികമായി നല്‍കേണ്ടി വന്ന തുക: മൂവായിരം രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com