യൂ ട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അശ്ലീല ഭാഷയില്‍ അധിക്ഷേപിച്ച യൂ ട്യൂബര്‍ വിജയ് പി നായര്‍ എന്ന വ്യക്തിക്കു നേരെയുണ്ടായ കരി ഓയില്‍ പ്രയോഗവും കരണക്കുറ്റിക്കുള്ള അടിയും ഗൗരവമായ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നു. കേരളത്തിന്റെ പൈതൃകത്തിനും സ്ത്രീകളോടുള്ള ആദരവിനും കളങ്കം ചാര്‍ത്തുന്നതും തികച്ചും സാമൂഹിക വിരുദ്ധവുമായ പരാമര്‍ശങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിജയ് പി നായര്‍ എന്ന സംസ്‌കാര ശൂന്യന്‍ നടത്തിയിരിക്കുന്നത്.

ഈ വിവാദ സംഭവത്തില്‍ പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ വിജയ് പി നായരെ ശാരീരികമായി കൈകാര്യം ചെയ്ചതും വലിയ ഒച്ചപ്പാടുണ്ടാക്കി. ഇവര്‍ വിജയ് താമസിക്കുന്ന തിരുവനന്തപുരം ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിലുള്ള വീട്ടിലെത്തി കരിയോയില്‍ ഒഴിക്കുകയും കരണത്തടിക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് പത്തു മിനിറ്റോളം നീളുന്ന വാഗ്വാദത്തിനിടെ ഇയാള്‍ ചെയ്തുവെന്നാരോപിക്കുന്ന കൃത്യങ്ങള്‍ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. സംഭവം പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ഫേസ്ബുക് ലൈവ് വഴി സ്ട്രീം ചെയ്യുകയും ചെയ്തു. സ്ത്രീകളെ പുലഭ്യം പറയരുതെന്ന താക്കീത് നല്‍കിയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാള്‍ക്ക് നേരെ കരിഓയില്‍ ഒഴിക്കുകയും മുഖത്തടിയ്ക്കുകയും ചെയ്തത്.

എന്നാല്‍ തനിക്ക് പരാതിയില്ലെന്നാണ് വിജയ് ആദ്യം പോലീസിനെ അറിയിച്ചതെങ്കിലും പിന്നീട് ഭാഗ്യലക്ഷ്മിക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. സ്ത്രീകളുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കയ്യേറ്റം ചെയ്യുക എന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഭാഗ്യലക്ഷ്മിയ്ക്ക് പുറമേ കവയിത്രി സുഗതകുമാരി, ശബരിമല പ്രവേശനത്തിലൂടെ വിവാദം സൃഷ്ടിച്ച ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ, രഹന ഫാത്തിമ, തൃപ്തി ദേശായി എന്നിവര്‍ക്കതിരെയും വിജയ് പി നായര്‍ യൂ ട്യൂബ് ചാനല്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്ന യു ട്യൂബറുടെ പരാമര്‍ശങ്ങള്‍ക്കൊതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് അതിശക്തമായ പ്രതിഷേധങ്ങളാണുയരുന്നത്. കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചാണ് അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തല്‍. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നും ആക്ഷേപിക്കുന്നു.
മഅതേസമയം സ്ത്രീകളെ അതിരുവിട്ട് അധിക്ഷേപിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം ഉള്‍പ്പെടെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ”നിലവില്‍ ഉയര്‍ന്ന പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ള നിയമ സാധ്യതകള്‍ അതിന് പര്യാപ്തമല്ല എങ്കില്‍ തക്കതായ നിയമ നിര്‍മ്മാണം ആലോചിക്കും. അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകള്‍ക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകള്‍ക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമം കയ്യിലെടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം…” ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
യു ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അഭിനന്ദിച്ചു. വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്നും പ്രതികരിച്ച രീതിയുടെ ശരിതെറ്റുകളെക്കുറിച്ച് പിന്നീട് പറയാമെന്നുമാണ് ശൈലജ ടീച്ചര്‍ പറഞ്ഞത്. സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീപുരുഷ സമൂഹം ഒന്നിച്ച് ഇടപെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ ഒരുകാര്യം പ്രസക്തമാണ്. വിജയ് പി നായരെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. സ്ത്രീവിരുദ്ധ പരാമാര്‍ശങ്ങള്‍ക്ക് ഇയാളെ ശിക്ഷിക്കുകയും വേണം. എന്നാല്‍ ആസൂത്രണം ചെയ്ത് ഒരാളെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്ത പ്രതിഷേധക്കാരുടെ നടപടി ശരിയായോ എന്നതാണ് വിഷയം. രണ്ടുപേര്‍ തമ്മില്‍ നേരിട്ട് തര്‍ക്കം നടക്കുമ്പോള്‍ പ്രകോപനമുണ്ടായി ഒരാള്‍ മറ്റെയാളെ തല്ലുന്നത് പോലെയല്ല, ആസൂത്രണം ചെയ്ത് ഒരാളെ മര്‍ദ്ദിക്കുന്നത്. പൊലീസില്‍ പരാതി നല്‍കി നടപടി സ്വീകരിക്കുകയെന്നതാണ് സ്വാഭാവിക നീതി. നിയമം കയ്യിലെടുക്കുന്നത് അനുവദനീയമല്ലെന്നും നിയമലംഘനം ഒരു പൊതുപരിപാടി പോലെ മറ്റുള്ളവരെ കാണിക്കുന്നതും ശരിയല്ലെന്നതുമാണ് വസ്തുത.
സ്ത്രീപക്ഷവാദം ഉന്നയിക്കുമ്പോള്‍ തന്നെ സ്ത്രീവിരുദ്ധമായ വാക്കുകള്‍ ഉപയോഗിക്കുക എന്നതും വിരോധാഭാസമാണ്. യു ട്യൂബറുടെ മോശം സമീപനത്തിന് അയാളുടെ അമ്മയെ പരാമര്‍ശിക്കേണ്ടകാര്യമില്ലല്ലോ. അസഭ്യം പറഞ്ഞയാള്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയല്ല സ്ത്രീപക്ഷവാദം ഉന്നയിക്കേണ്ടത് എന്ന തിരിച്ചറിവും ഉണ്ടാവണം. അല്ലെങ്കില്‍ ഇരു കൂട്ടരും തമ്മിലെന്ത് വ്യത്യാസം..? ഓരോ വ്യക്തിയും ഇവിടത്തെ പൊലീസും കോടതിയും ആവുകയല്ല, മറിച്ച് അവരെ സഹായിക്കുകയാണ് വേണ്ടത്.
മറ്റൊന്ന് ഭൂരിഭാഗം യൂ ട്യൂബ് ചാനലുകളുടെയും പാപ്പരാസി സംസ്‌കാരമാണ്. ഇത്തരം ചാനലുകള്‍ മസാല കഥകളുമായി കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. യൂ ട്യൂബ് ചാനലുകള്‍ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഫലപ്രദമായ നിയമ നിര്‍മ്മാണത്തിന് ഇനിയും വൈകിക്കൂടാ. ഒരു പൊതു മാധ്യമം വഴി തന്നിഷ്ടപ്രകാരം ആരെയും തെറി പറയാമെന്ന സ്ഥിതി അനുവദനീയമല്ല. സെബര്‍ ലോകം അതിവേഗം വിപുലപ്പെടുകയാണെങ്കിലും അതേ വഗതയില്‍ ഇത് സംബന്ധിച്ച നിയമ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിയമങ്ങള്‍ കര്‍ക്കശമാക്കുകയും സാമൂഹ്യമായ അവബോധം വളര്‍ത്തക്കുകയുമാണ് വേണ്ടത്. യു ട്യൂബിലും സോഷ്യല്‍ മീഡിയകളിലും പോസ്റ്റിടുന്നവരുടെ ലക്ഷ്യം വരുമാനമാണ്. മസാല കഥകളുടെയും അപവാദ പ്രചരണങ്ങളുടെയും ലക്ഷ്യം കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്നതുമാണ്. ഇക്കാര്യം പൊതു സമൂഹം തിരിച്ചറിയണം.
പലപ്പോഴും ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെടുമ്പോഴോ, അല്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോഴോ മാത്രം സ്ത്രീക്ക് നേരെയുള്ള അതിക്രമങ്ങള്‍ വാര്‍ത്തയാകുന്നുള്ളൂ, സംഭവം നിയമത്തിന്റെ വഴിയിലേക്ക് എത്തുന്നുള്ളൂ. മാസങ്ങള്‍ നീണ്ട പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ശേഷം മറ്റൊരു സംഭവം ഉണ്ടാകുമ്പോള്‍ അതിനൊപ്പം കൂട്ടിച്ചേര്‍ത്ത് വാര്‍ത്തയാക്കാവുന്ന കേസുകളില്‍ ഒന്നായി അതുകെട്ടടങ്ങുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും, തുടക്കം മുതല്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും ചെയ്യുകയാണെങ്കില്‍ വലിയ തെറ്റുകളിലേക്ക് എത്തും മുമ്പുതന്നെ ഇത്തരക്കാരെ നിലയ്ക്ക് നിലനിര്‍ത്താനാവും.
ഓരോ സ്ത്രീയും ആരുടെ എങ്കിലും അമ്മയോ ഭാര്യയോ മകളോ സഹോദരിയോ ആണെന്നുള്ള ബോധത്തോടെ എന്ന് ഓരോ പുരുഷനും പെരുമാറാന്‍ അല്ലെങ്കില്‍ പ്രതികരിക്കാന്‍ പഠിക്കുന്നുവോ അന്നേ ഈ ദുരവസ്ഥക്ക് പരിഹാരം ആകുകയുള്ളു . അന്നേ ഈ സമൂഹം നന്നാകുകയുള്ളു. ഓരോ പുരുഷനും അവന്റെ പ്രവര്‍ത്തിയില്‍ അതിന്റെ സത്യസന്ധതയില്‍ വിശ്വാസം ഉണ്ടെങ്കില്‍ എന്തിനു ഒരു സ്ത്രീയുടെ നാവിനെ ഭയപ്പെടണം..? അത് കൊണ്ട് അഭിപ്രായവും നിലപാടുകളും ഉള്ള സ്ത്രീകളെ അല്ല അടക്കി നിര്‍ത്തേണ്ടത് മറിച്ചു തെറ്റ് ചെയ്യുന്ന പുരുഷന്റെ നിലപാടുകളെയാണ് എന്ന് വിജയ് പി നായര്‍-ഭാഗ്യലക്ഷ്മി സംഭവം വില്‍ ചൂണ്ടുന്നു.